ഗവർണർ സമ്മതംമൂളി; വിജയ് മുഖ്യമന്ത്രി, ഞായറാഴ്ച രാവിലെ സത്യപ്രതിജ്ഞ; മൂന്ന് ദിവസത്തിനകം വിശ്വാസംനേടണം

ചെന്നൈ: അനിശ്ചിതത്വങ്ങൾക്ക് അന്ത്യമായി, നടൻ വിജയ്‌യുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ പുതിയ സർക്കാർ ഞായറാഴ്ച അധികാരമേൽക്കും. കേവലഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കിയതോടെ വിജയ്ക്ക് സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര അർലേക്കർ അനുമതി നൽകി. ഞായറാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽവെച്ച് വിജയ് സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേൽക്കും.
തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ ടിവികെ, കോൺഗ്രസ് ഉൾപ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120 എംഎൽഎമാരുടെ ഭൂരിപക്ഷം തെളിയിച്ചത്. ഏകദേശം ആറ് പതിറ്റാണ്ടിന് ശേഷം തമിഴ്നാട്ടിൽ ഭരണം പിടിക്കുന്ന ആദ്യത്തെ ഡിഎംകെ-എഐഎഡിഎംരെ ഇതര മുഖ്യമന്ത്രിയായി മാറാൻ പോകുകയാണ് ടിവികെ അധ്യക്ഷൻ കൂടിയായ വിജയ്.
തമിഴ്നാട്ടിൽ നിലനിന്നിരുന്ന ഉദ്വേഗഭരിതമായ രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊണ്ട്, സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുന്നതിനായി വിജയ് ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ചെന്നൈയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചത്. മുതിർന്ന ടിവികെ നേതാക്കൾക്കൊപ്പം ഗവർണറെ കണ്ട വിജയ്, 120 എംഎൽഎമാരുടെ പിന്തുണ കത്തുകൾ സമർപ്പിച്ചു.
സർക്കാർ രൂപീകരിക്കാനുള്ള ക്ഷണം തേടി ഒരാഴ്ചയ്ക്കിടെ ഗവർണറുമായി വിജയ് നടത്തുന്ന നാലാമത്തെ കൂടിക്കാഴ്ചയായിരുന്നു ശനിയാഴ്ച വൈകീട്ടത്തേത്. ഇതിനുമുമ്പുള്ള ശ്രമങ്ങൾ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ പരാജയപ്പെട്ടിരുന്നു. ഡിഎംകെ സഖ്യകക്ഷികൾ ഒടുവിൽ വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതോടെയാണ് അനിശ്ചിതത്വം അവസാനിച്ചത്.
എന്നിരുന്നാലും, 234 അംഗ സഭയിൽ സഖ്യത്തിന് 121 എംഎൽഎമാരുടെ നേരിയ ഭൂരിപക്ഷം മാത്രമാണുള്ളത്. വിടുതലൈ ചിരുത്തൈകൾ കക്ഷി (VCK), സിപിഐ, സിപിഐ (എം), കോൺഗ്രസ് എന്നീ പാർട്ടികളാണ് സഖ്യസർക്കാർ രൂപീകരണത്തിന് വിജയ്ക്ക് 'നിരുപാധിക പിന്തുണ' പ്രഖ്യാപിച്ചത്.
മെയ് 13-ാം തീയതിക്ക് മുമ്പായി മുഖ്യമന്ത്രി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണറുടെ നിർദേശം.
ടിവികെ ആസ്ഥാനത്തിന് പുറത്ത് പ്രവർത്തകരും അനുയായികളും പടക്കം പൊട്ടിച്ചാണ് ഈ വാർത്ത ആഘോഷിക്കുന്നത്. കന്നി നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകളുമായി ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കുറവായിരുന്നു. ഏപ്രിൽ 23-ന് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം മെയ് നാലിനാണ് പ്രഖ്യാപിച്ചത്. തുടർന്ന് കോൺഗ്രസ്, സിപിഐ, സിപിഐ (എം), വിസികെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്നീ പാർട്ടികൾ വിജയിയെ പിന്തുണച്ചു. കോൺഗ്രസിന് അഞ്ചും മറ്റു പാർട്ടികൾക്ക് രണ്ട് വീതം സീറ്റുകളുമാണ് ഉള്ളത്.
രണ്ട് മണ്ഡലങ്ങളിൽ വിജയിച്ച വിജയ് ഒരു സീറ്റ് ഒഴിയുന്നതോടെ ടിവികെയുടെ സീറ്റ് നില 107 ആയി കുറയും. ഇതോടെ സർക്കാരിന് 120 എംഎൽഎമാരുടെ പിന്തുണയായി ചുരുങ്ങും. സർക്കാർ രൂപീകരണത്തിനിടയിൽ ടിവികെ കുതിരക്കച്ചവടത്തിന് ശ്രമിച്ചുവെന്ന് എൻഡിഎ സഖ്യകക്ഷിയായ അമ്മ മക്കൾ മുന്നേറ്റ കഴകം (AMMK) കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയ സംഭവവികാസങ്ങൾ തമിഴ്നാട്ടിൽ 'റിസോർട്ട് രാഷ്ട്രീയം' വീണ്ടും കൊണ്ടുവന്നു എന്നതും ശ്രദ്ധേയമാണ്.
കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്കും ടിവികെ എംഎൽഎമാരെ മാമല്ലപുരത്തെ റിസോർട്ടിലേക്കുമാണ് മാറ്റിയിരുന്നത്. വിജയ് മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രി പദമുൾപ്പെടെയുള്ള പ്രധാന സ്ഥാനങ്ങൾ വിസികെ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
Content Highlights: Vijay to be sworn in as Tamil Nadu CM on May 10, 2026. TVK secures 120 seats with support from Congress, CPI, CPI(M), VCK, and IUML. Vijay becomes the first non-Dravidian CM of Tamil Nadu in 59 years. Ceremony scheduled at 10 am at Nehru Stadium, Chennai. Coalition formed after days of negotiation and resort politics.