തമിഴ്നാട്ടിൽ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം? '35 കോടി രൂപ വാഗ്ദാനം', മൂന്നുപേർ പിടിയിൽ

ചെന്നൈ: നടൻ വിജയ് നയിക്കുന്ന തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നുവെന്ന് ആരോപണം. ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങൾ പരാജയപ്പെടുത്തിയതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അവകാശപ്പെട്ടു. സർക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ ചെന്നൈയിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒരു ടിവികെ എംഎൽഎയുടെ പരാതിയിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അന്വേഷണത്തിൽ ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറയുന്നു. പിന്നീട് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഒന്നാമത്തെ അറസ്റ്റ് ചെന്നൈയിലും മറ്റു രണ്ടുപേരുടെ അറസ്റ്റ് കരൂരിലുമാണ് നടന്നത്. ഗൂഢാലോചന സംബന്ധിച്ചുള്ള വിശാലമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഉത്തംഗരൈയിലെ ടിവികെ എംഎൽഎ എൻ. ഇളയരാജ ചെന്നൈ പോലീസിൽ പരാതി നൽകിയതോടെയാണ് വിഷയം പുറത്തുവന്നത്. ഐപിഡിഎസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ഒരാൾ തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ വാഗ്ദാനം ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയതായും എംഎൽഎ കൂട്ടിച്ചേർത്തു.
അറസ്റ്റിലായവരിൽ ഒരാൾ സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ അശോകുമായും അടുപ്പമുള്ളയാളാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Content Highlights: Alleged conspiracy to topple the TVK government in Tamil Nadu., Three individuals arrested for attempting to bribe 15 TVK MLAs., Complaint filed by TVK MLA N. Elayaraja regarding a 35 crore bribe offer., Links identified between the accused and DMK MLA Senthil Balaji., Ongoing investigation into the attempt to destabilize the state administration.