‘അത് ഞങ്ങളല്ല’,ബംഗാളിൽ ടിവികെയ്ക്ക് ശാഖയില്ല; തമിഴ്‌നാടിന് പുറത്തേക്ക് വിപുലീകരണ പദ്ധതിയില്ലെന്ന് പാർട്ടി നേതൃത്വം

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടിക്ക് പശ്ചിമ ബംഗാളിൽ നിലവിൽ ഔദ്യോഗിക ശാഖകളോ പാർട്ടി ഓഫീസുകളോ ഇല്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ പൂർവ്വ ബർധമാനിൽ പ്രാദേശികമായി പാർട്ടിയെ പിന്തുണക്കുന്നവർ പുതിയ പാർട്ടി ഓഫീസ് ഉദ്ഘാടനം ചെയ്ത പശ്ചാത്തലത്തിലാണ് ടിവികെ നേതൃത്വം ഈ വിഷയത്തിൽ നിലപാട് അറിയിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഓഫീസ് തുറന്നതെന്ന് ബംഗാളിലെ പ്രവർത്തകർ അവകാശപ്പെട്ടിരുന്നെങ്കിലും, കേന്ദ്ര നേതൃത്വത്തിന്റെ യാതൊരുവിധ അനുമതിയോ പിന്തുണയോ ഇതിനില്ലെന്ന് ടിവികെ വ്യക്തമാക്കി.
ബംഗാളിലെ ടിവികെ സംസ്ഥാന കോർഡിനേറ്ററെന്ന് സ്വയം പരിചയപ്പെടുത്തിയ ചൈതാലി റോയിയുടെ നേതൃത്വത്തിലാണ് ഫാഗുപൂരിൽ ഓഫീസ് പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്ത് പാർട്ടിക്ക് അയ്യായിരത്തോളം പിന്തുണക്കാരുണ്ടെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് പകരം വിദ്യാഭ്യാസവും തൊഴിലും മുൻനിർത്തിയുള്ള സാമൂഹിക സേവനങ്ങളിലാണ് ആദ്യഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇവർ പറഞ്ഞിരുന്നു.
എന്നാൽ, തമിഴ്‌നാടിന് പുറത്തേക്ക് പാർട്ടി പ്രവർത്തനം വ്യാപിപ്പിക്കാൻ നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് ടിവികെ വക്താവ് അഡ്വ. സങ്കവി ഡയാന തുഹിൻസാമുവൽ അറിയിച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ഭരണപരമായ കാര്യങ്ങളിലുമാണ് പാർട്ടി ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതേസമയം, വിജയിയോടുള്ള ആരാധനയും തമിഴ്‌നാട്ടിലെ രാഷ്ട്രീയ നിലപാടുകളോടുള്ള താല്പര്യവും കാരണം ബംഗാളിൽനിന്ന് ലഭിക്കുന്ന വലിയ പിന്തുണയിൽ സന്തോഷമുണ്ടെന്നും ബംഗാളിലെ അഭ്യുദയകാംക്ഷികൾക്ക് ആശംസകൾ നേരുന്നതായും പാർട്ടി വക്താവ് കൂട്ടിച്ചേർത്തു.
Content Highlights: TVK leadership clarified there are no official party branches or offices in West Bengal., A local office in Purba Bardhaman was opened by supporters without central leadership approval., The party spokesperson stated there are no current plans to expand operations outside Tamil Nadu., TVK expressed gratitude and extended wishes to well-wishers in West Bengal for their support.