പാക് അതിര്‍ത്തിക്ക് സമീപം ഇന്ത്യന്‍ സേനയുടെ 'മരു ജ്വാല' അഭ്യാസം; ത്രിശൂല്‍ അഭ്യാസത്തിന്റെ നിര്‍ണായക ഘട്ടം

#ന്യൂസ് ഡെസ്ക്
'മരു ജ്വാല' അഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടാളക്കാർ | Photo: ANI
'മരു ജ്വാല' അഭ്യാസത്തിൽ ഏർപ്പെട്ടിരിക്കുന്ന പട്ടാളക്കാർ | Photo: ANI

ന്യൂഡല്‍ഹി: വിമാനങ്ങളില്‍ നിന്ന് ചാടുന്ന സൈനികര്‍, മരുഭൂമിയില്‍ ഗര്‍ജ്ജിക്കുന്ന ടാങ്കുകള്‍, ടെക്‌നിക്കല്‍ മികവ് പ്രകടിപ്പിക്കുന്ന ഡ്രോണുകളും റോബോട്ടുകളും. ഇന്ത്യന്‍ കരസേനയുടെ സതേണ്‍ കമാന്‍ഡ് ചൊവ്വാഴ്ച പാകിസ്താന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ 'മരു ജ്വാല' (മരുഭൂമിയിലെ ജ്വാല എന്ന് ഏകദേശം അര്‍ത്ഥം) എന്ന പേരില്‍ നടത്തിയ അഭ്യാസം ഇന്ത്യന്‍ സേനയുടെ കഴിവ് വിളിച്ചോതുന്നതായി.

കരസേനയേയും നാവികസേനയേയും വ്യോമസേനയേയും ഒരുമിപ്പിച്ചുകൊണ്ട് ഇന്ത്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, ത്രിസേനകളുടെ 'ത്രിശൂല്‍' അഭ്യാസത്തിന്റെ ഭാഗമാണിത്. എലൈറ്റ് യൂണിറ്റുകളുടെ തയ്യാറെടുപ്പും ഏകോപനവുമാണ് ഇതിലൂടെ പ്രകടമാക്കിയത്. സങ്കീര്‍ണ്ണമായ വ്യോമാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും സായുധ സേനയുടെ സംയോജിത കഴിവുകള്‍ ഈ അഭ്യാസം പ്രകടമാക്കി.

കരസേനയുടെ യന്ത്രവല്‍കൃത സേന, പീരങ്കിപ്പട, വ്യോമയാന വിഭാഗം, കാലാള്‍പ്പട എന്നിവ തമ്മിലുള്ള തടസ്സമില്ലാത്ത ഏകോപനം വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടു. ഇത് വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള സേനയുടെ കഴിവിനെ വീണ്ടും തെളിയിച്ചു.

സതേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്ത് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ചത്തെ അഭ്യാസം വിലയിരുത്തി. ത്രിശൂല്‍ അഭ്യാസത്തിന്റെ നിര്‍ണായക ഘട്ടമായിരുന്നു ഇതെന്ന് ലഫ്റ്റനന്റ് ജനറല്‍ സേത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'കഴിഞ്ഞ രണ്ട് മാസത്തെ പ്രവര്‍ത്തനങ്ങളുടെ അവസാന ഘട്ടമായിരുന്നു ഈ മരു ജ്വാല അഭ്യാസം. അതായത്, സതേണ്‍ കമാന്‍ഡിന്റെ സ്‌ട്രൈക്ക് കോര്‍പ്സായ സുദര്‍ശന്‍ ചക്ര കോര്‍പ്‌സ് രണ്ട് മാസമായി ഇവിടെ കഠിനമായി പരിശീലനം നടത്തുകയായിരുന്നു.' സേത്ത് പറഞ്ഞു.

'ഇതിലെ പ്രധാന യൂണിറ്റ് ഷഹബാസ് ഡിവിഷനാണ്, അതൊരു റാപ്പിഡ് യൂണിറ്റാണ്. ഈ അഭ്യാസത്തില്‍ അവരും ഉള്‍പ്പെടുന്നു. കൂടാതെ, സതേണ്‍ കമാന്‍ഡിന്റെ ഏവിയേഷന്‍ ബ്രിഗേഡ്, ഇഡബ്ല്യു ബ്രിഗേഡ്, പാരാ-എസ്എഫ് (സ്‌പെഷ്യല്‍ ഫോഴ്സ്) ബറ്റാലിയന്‍ എന്നിവയുമുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇവരെല്ലാം ഒരുമിച്ച് നേടിയ വിജയത്തിന്റെ ഫലമാണ് ചൊവ്വാഴ്ച രാവിലെ മരു ജ്വാലയിലൂടെ നിങ്ങളെല്ലാവരും കണ്ടത്. ഏഴാം പാരാ ബറ്റാലിയന്‍, എയര്‍ബോണ്‍ ബറ്റാലിയന്‍ എന്നിവയില്‍ നിന്നുള്ളവരാണ് പാത്ത്‌ഫൈന്‍ഡറുകള്‍, അവരാണ് അവസാന ഘട്ടത്തിലെ തന്ത്രപരമായ ശക്തി.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈനികരുടെ അര്‍പ്പണബോധത്തെയും തയ്യാറെടുപ്പിനെയും സേത്ത് പ്രശംസിച്ചു. ഭാവിയിലെ പ്രവര്‍ത്തനങ്ങളില്‍ ആധുനിക ഉപകരണങ്ങളുടെ സംയോജനത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

കരസേനയുടെ ഡാവോ ഡിവിഷനിലെ സൈനികര്‍ അരുണാചല്‍ പ്രദേശിലെ മുന്നണി പ്രദേശങ്ങളില്‍ ഏകോപിപ്പിച്ച പരിശീലന അഭ്യാസങ്ങള്‍ നടത്തുന്നതിനിടെയാണ് മരു ജ്വാല അഭ്യാസം നടന്നത്. വൈവിധ്യമാര്‍ന്ന ഭൂപ്രദേശങ്ങളിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും ഏകോപനം, പൊരുത്തപ്പെടല്‍, ദൗത്യസന്നദ്ധത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു അഭ്യാസമെന്ന് കരസേന പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.

ടീം വര്‍ക്ക് ശക്തിപ്പെടുത്തുക, തന്ത്രപരമായ പ്രതികരണങ്ങള്‍ മെച്ചപ്പെടുത്തുക, യാഥാര്‍ത്ഥ്യബോധമുള്ള ഫീല്‍ഡ് സാഹചര്യങ്ങളില്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ സാധൂകരിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നിരവധി സിമുലേറ്റഡ് ഓപ്പറേഷണല്‍ ഡ്രില്ലുകള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Content Highlights: Indian Army`s Exercise Maru Jwala in Rajasthan near Pakistan border showcases elite units` prowess with drones, robots, parachute jumps & more. Part of Trishul drill.