തക്കാളിയുടെ തീവിലയിൽ ലാഭം കൊയ്ത് കർഷകർ; 2000 പെട്ടി വിറ്റ് കർഷകകുടുംബം നേടിയത് 38 ലക്ഷം രൂപ

പ്രതീകാത്മചിത്രം | Photo: PTI
പ്രതീകാത്മചിത്രം | Photo: PTI

കോലാര്‍: തീ വിലയില്‍ റെക്കോഡ് മുന്നേറ്റം നടത്തുന്ന തക്കാളി തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയാണ്. ഉത്തരേന്ത്യയില്‍ തക്കാളി വില 200 കടന്ന് 250 എത്തി. വിലക്കയറ്റം സാധാരണക്കാരന് വയറ്റത്തടിയാണെങ്കിലും ഉയരുന്ന തക്കാളി വിലയില്‍ നേട്ടം കൊയ്യുകയാണ് ഒരു വിഭാഗം കര്‍ഷകര്‍. 2000 പെട്ടി തക്കാളിയ്ക്ക് കഴിഞ്ഞ ദിവസം കര്‍ണാടകയിലെ കര്‍ഷക കുടുംബത്തിന് ലഭിച്ചത് 38 ലക്ഷം രൂപയാണ്. 

കോലാര്‍ സ്വദേശിയായ പ്രഭാകര്‍ ഗുപ്തയാണ് 38 ലക്ഷം രൂപയ്ക്ക് തക്കാളി വിറ്റത്. പ്രഭാകറും സഹോദരങ്ങളും 40 വര്‍ഷങ്ങളായി കര്‍ഷകരാണ്. 2 വര്‍ഷം മുമ്പ് വരെ 15 കിലോഗ്രാമിന്റെ ഒരു പെട്ടിയ്ക്ക് 800 രൂപ  ലഭിച്ചിരുന്നപ്പോള്‍ ഇന്ന് 1900 രൂപയിലധികം ഒരു പെട്ടി തക്കാളിയ്ക്ക് വിലയുണ്ടെന്ന് പ്രഭാകര്‍ പറയുന്നു. 

കുറച്ചു നാളുകള്‍ക്ക് മുമ്പ് വരെയും വിലയിടിവ് കാരണം തക്കാളി കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു താനുള്‍പ്പടെയുള്ള കര്‍ഷകരെന്നും അപ്രതീക്ഷിതമായി വിലയുയര്‍ന്നത് തങ്ങള്‍ക്ക് ഏറെ ആശ്വാസമായി എന്നും പ്രഭാകര്‍ വ്യക്തമാക്കി. 

കര്‍ണാടകയിലെ ചിന്താമണി താലൂക്കില്‍ ഒരു പെട്ടി തക്കാളി 2200 രൂപയ്ക്കാണ് വിറ്റത്. മറ്റു മേഖലകളിലും 1800-നും 2200-നുമിടയ്ക്കാണ് പെട്ടിയ്ക്ക് വില. 


 

Content Highlights: tomato prices, soar high, karnataka farmer earns 38 lakhs from selling 2000 boxes