മമത-സി.പി.എം. മഞ്ഞുരുകുന്നു; ബംഗാൾ രാഷ്ട്രീയത്തിലുൾപ്പെടെ പുതിയ കൂട്ടുകെട്ടുകൾക്ക് സാധ്യത

#പ്രവീൺ കൃഷ്ണൻ
മമതാ ബാനർജി, എം.എ. ബേബി | Photo: PTI
മമതാ ബാനർജി, എം.എ. ബേബി | Photo: PTI

ന്യൂഡൽഹി: അഞ്ചുപതിറ്റാണ്ടുനീണ്ട രാഷ്ട്രീയശത്രുത പരിസമാപ്തിയിലേക്ക്. തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിക്കും സി.പി.എമ്മിനും ഇടയിൽ മഞ്ഞുരുകുന്നു. ബംഗാൾ രാഷ്ട്രീയത്തിലുൾപ്പെടെ പുതിയ കൂട്ടുകെട്ടുകൾക്ക് വഴിയൊരുക്കുന്നവിധത്തിൽ ഇരുപാർട്ടികളുടെയും ഉന്നതനേതൃത്വങ്ങൾ ആശയവിനിമയം തുടങ്ങി.

സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും വെള്ളിയാഴ്ച ദീർഘനേരം ഫോണിൽ സംസാരിച്ചു. ഒരു സി.പി.എം. ജനറൽ സെക്രട്ടറി, മമതയുമായി രാഷ്ട്രീയചർച്ച നടത്തുന്നത് ആദ്യമാകും.

കത്തിൽ തുടക്കം

തിരഞ്ഞെടുപ്പു കമ്മിഷനിലെ വിയോജിപ്പുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ ജനാധിപത്യം സംരക്ഷിക്കാൻ ഒരുമിച്ചുനിൽക്കണ്ടേ ആവശ്യം ചൂണ്ടിക്കാട്ടി എൻ.ഡി.എ. ഇതര പാർട്ടികൾക്ക് എം.എ. ബേബി ബുധനാഴ്ച കത്തയച്ചിരുന്നു. കത്ത് കിട്ടിയ ഉടൻ മമതാ ബാനർജി ബേബിക്ക് മറുപടിയയച്ചു.

പിന്നാലെ, ടി.എം.സി. രാജ്യസഭാകക്ഷി നേതാവ് ഡെറിക് ഒബ്രിയൻ, സി.പി.എം. രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസുമായി സംസാരിച്ചു. തുടർന്നാണ് മമതയും ബേബിയും ഫോണിൽ സംസാരിച്ചത്. സംഭാഷണം ഊഷ്മളമായിരുന്നെന്നും ഇത് ഇരുപാർട്ടികൾക്കുമിടിയിൽ മഞ്ഞുരുകുന്നതിന്റെ തുടക്കമായേക്കാമെന്നും തൃണമൂൽ വൃത്തങ്ങൾ സൂചിപ്പിച്ചു.

വിമർശനത്തിൽനിന്ന് വിട്ടുവീഴ്ചയിലേക്ക്‌

തൃണമൂൽ കോൺഗ്രസ് രൂപവത്കരണത്തിനുമുൻപ് കോൺഗ്രസ്സിലെ തീപ്പൊരി നേതാവായിരിക്കുമ്പോൾത്തന്നെ മമത സി.പി.എമ്മിന്റെ തീവ്രവിമർശകയായിരുന്നു. ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിന്റെകാലത്ത് അവർ സി.പി.എമ്മുമായി നിരന്തരം ഏറ്റുമുട്ടി.

ബംഗാളിൽ തൃണമൂൽ അധികാരത്തിലിരുന്ന 15 വർഷവും സി.പി.എമ്മിനെതിരേ മമത വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തു. തൃണമൂൽ പ്രവർത്തകരിൽനിന്ന് സി.പി.എം. പ്രവർത്തകർ കടുത്ത ആക്രമണങ്ങളും നേരിട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ തോൽവിക്കുശേഷവും ഇരുപാർട്ടികളും അകൽച്ചയിലായിരുന്നു. ഈ സാഹചര്യത്തിനാണ് മാറ്റം വരുന്നത്.

തിരഞ്ഞെടുപ്പു കമ്മിഷന്റെ ഏകാധിപത്യ നടപടികൾക്കെതിരേ ഇന്ത്യസഖ്യ പാർട്ടികൾ ഒരുമിച്ചുനിൽക്കണമെന്നും സഖ്യത്തിന്റെ യോഗം വിളിച്ചുചേർക്കാൻ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും എം.എ. ബേബിക്ക് അയച്ച കത്തിൽ മമതാ ബാനർജി പറഞ്ഞു.

Content Highlights: Five decades of political rivalry between TMC and CPM coming to an end., CPM General Secretary MA Baby and TMC chief Mamata Banerjee held a historic long phone conversation., The dialogue initiated following MA Baby's letter to non-NDA parties to protect democracy against Election Commission actions., Mamata Banerjee urged opposition unity and requested Rahul Gandhi to convene an INDIA bloc meeting.