തിരുപ്പതി ക്ഷേത്രത്തിന് 121 കിലോ സ്വർണം സംഭാവനചെയ്ത് വ്യവസായി; ആരാണ് വർധമാൻ ജെയിൻ?

#ന്യൂസ് ഡെസ്ക്
സംഭാവന സമർപ്പിക്കുന്ന ചടങ്ങിൽ വർധമാൻ ജെയിനും കുടുംബവും| Screengrab-revathitweets
സംഭാവന സമർപ്പിക്കുന്ന ചടങ്ങിൽ വർധമാൻ ജെയിനും കുടുംബവും| Screengrab-revathitweets

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന് 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന ചെയ്തത് വ്യവസായി. ആക്‌സസ് ഹെൽത്ത്‌കെയറിന്റെയും ഏഷ്യ ചെന്നൈ എൻജിനീയറിങ്ങിന്റെയും സ്ഥാപകനായ വർധമാൻ ജെയിൻ ആണ് 160 കോടി രൂപ വരെ വിലമതിക്കുന്ന സ്വർണം സംഭാവനചെയ്തത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ആഭരണം ക്ഷേത്രത്തിന് സമർപ്പിച്ചത്.

ചെന്നൈയിലെ ജിആർടി ജ്വല്ലേഴ്‌സിൽ പ്രത്യേകം പറഞ്ഞുനിർമിച്ച ആഭരണങ്ങളാണിവ. മൂലവിഗ്രഹത്തിനും ഉത്സവവിഗ്രഹങ്ങൾക്കും അണിയിക്കാനുള്ള 45 ആഭരണങ്ങളാണ് ഒൻപത് സെറ്റുകളായി തയ്യാറാക്കിയത്. ശ്രീവാരിയുടെ കിരീടം, പത്മപാദങ്ങൾ, അരപ്പട്ട, ഭുജകീർത്തികൾ, ശംഖ്-ചക്രങ്ങൾ, അഭയഹസ്തങ്ങൾ തുടങ്ങിയ ആഭരണങ്ങൾ ഇതിലുണ്ട്. ആഗമശാസ്ത്രരീതിയ്ക്കും ആചാരാനുഷ്ഠാനങ്ങൾക്കും അനുസരിച്ചാണ് ആഭരണനിർമ്മാണം.

കർശന സുരക്ഷയിലാണ് ആഭരണങ്ങൾ തിരുമലയിലെത്തിച്ചത്. രംഗനായകുള മണ്ഡപത്തിൽ ആഭരണങ്ങൾ പ്രദർശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ പുതിയ ആഭരണങ്ങൾ വിഗ്രഹത്തിൽ അണിയിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

വർധമാൻ ജെയിൻ നേരത്തെയും തിരുമല തിരുപതി ദേവസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ വൈദ്യുത ബസുകളും ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിന്റെ വികസനത്തിനായി ഏഴുകോടി രൂപയും സംഭാവന ചെയ്തിരുന്നു. നാണയങ്ങൾ തരംതിരിക്കുന്ന യന്ത്രം വാങ്ങാൻ ഒരു കോടി രൂപയും ഇദ്ദേഹം നൽകിയിട്ടുണ്ട്.

വർധമാൻ ജെയിൻ കാഞ്ചി കാമകോടി ചൈൽഡ്‌സ് ട്രസ്റ്റ് ആശുപത്രിയുടെ മാനേജിങ് ട്രസ്റ്റിയായും പ്രവർത്തിക്കുന്നുണ്ട്. പാവപ്പെട്ട യുവാക്കൾക്ക് നൈപുണ്യവികസന പരിശീലനം നൽകുന്ന അവിഷ്കർ എന്ന സംരംഭവും ഇദ്ദേഹത്തിന്റേതാണ്.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ട്രസ്റ്റുകളിലൊന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ഏകദേശം 2.26 ലക്ഷം കോടി ആസ്തിയുണ്ടെന്നാണ് കണക്ക്.

Content Highlights: Industrialist Vardhan Jain donated 121 kg of gold jewelry to Tirupati Temple., The donated items are valued between Rs 160 crore and Rs 206 crore., The 45 special ornaments were crafted by GRT Jewellers in Chennai., Vardhan Jain has previously made major donations to TTD, including electric buses.