‘സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് തെലുങ്കിൽ ജീവചരിത്ര സിനിമയാക്കും’; പ്രഖ്യാപനവുമായി തെലങ്കാന കോൺഗ്രസ്

#ന്യൂസ് ഡെസ്ക്
ടി. ജഗ്ഗ റെഡ്ഡി, സോണിയ ഗാന്ധി | Photo: Instagram/T Jagga Reddy, PTI
ടി. ജഗ്ഗ റെഡ്ഡി, സോണിയ ഗാന്ധി | Photo: Instagram/T Jagga Reddy, PTI

സംഗറെഡ്ഡി: കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് സോണിയ ഗാന്ധിയുടെ 'ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്' എന്ന ഓർമക്കുറിപ്പിനെ ആസ്പദമാക്കി തെലുങ്കിൽ ജീവചരിത്ര സിനിമ നിർമിക്കുമെന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി). സംഗറെഡ്ഡിയിൽ നടന്ന കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിലാണ് ടി.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി. ജഗ്ഗ റെഡ്ഡി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സംഗറെഡ്ഡി അസംബ്ലി മണ്ഡലത്തിൽനിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ചേർന്നായിരിക്കും ചിത്രം നിർമിക്കുക.

ചിത്രത്തിന്റെ നിർമാണ മേൽനോട്ടത്തിനായി 50 അംഗ സമിതി രൂപീകരിക്കാനും ഗാന്ധി ഭവൻ പി.ആർ.ഒ ഹരി പ്രസാദിന് ചുമതല നൽകാനും യോഗത്തിൽ തീരുമാനമായി. സിനിമയുടെ നിർമാണ ഫണ്ടിലേക്ക് സംഗറെഡ്ഡി കോൺഗ്രസ് മണ്ഡലം കൺവീനർ ജൂലാകന്തി ആഞ്ചനേയുലു രണ്ട് കോടി രൂപ സംഭാവന പ്രഖ്യാപിച്ചു. ചിത്രത്തിനായി നല്ലൊരു സംവിധായകനെ കണ്ടെത്തുമെന്നും തയ്യാറെടുപ്പുകൾ പൂർത്തിയായാൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും ടി.പി.സി.സി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡിനെയും ക്ഷണിച്ച് ചിത്രീകരണം ഉദ്ഘാടനം ചെയ്യുമെന്നും ജഗ്ഗ റെഡ്ഡി വ്യക്തമാക്കി.

സോണിയ ഗാന്ധിയുടെ കുടുംബ പശ്ചാത്തലം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹം, രാഷ്ട്രീയ പ്രവേശനം എന്നിവ സിനിമയിൽ ആവിഷ്കരിക്കും. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വധത്തെത്തുടർന്നുണ്ടായ ദുരന്തങ്ങൾ, രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വളർത്തുന്നതിൽ നേരിട്ട വെല്ലുവിളികൾ എന്നിവയും ചിത്രത്തിൽ പ്രമേയമാകുമെന്ന് ജഗ്ഗ റെഡ്ഡി പറഞ്ഞു.

2004-ൽ യു.പി.എ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം വേണ്ടെന്നുവെച്ച് ഡോ. മൻമോഹൻ സിങ്ങിനെ നിയോഗിച്ച അവരുടെ തീരുമാനം ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക അധ്യായമാണെന്നും ഇത് ജനങ്ങളിലെത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുടക്കത്തിൽ സോണിയ ഗാന്ധി വഹിച്ച പങ്കും തെലുങ്ക് ജനവിഭാഗങ്ങളിലേക്ക് എത്തിക്കുകയാണ് ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രവർത്തകർക്ക് സോണിയ ഗാന്ധിയുടെ ജീവിതം അടുത്തറിയാൻ പുസ്തകം വിതരണം ചെയ്യാനും ജഗ്ഗ റെഡ്ഡി നിർദേശിച്ചു.

Content Highlights: Telangana Congress to produce a Telugu biopic on Sonia Gandhi based on her memoir 'Belonging: A Journey of Love'., Announcement made by TPCC Working President T. Jagga Reddy in Sangareddy., Sangareddy Congress leaders and workers will jointly produce the film with an initial donation of Rs 2 crores., The movie will cover her family background, marriage to Rajiv Gandhi, political entry, and sacrifice of the Prime Minister post in 2004.