'മണ്ഡലപുനർനിർണയം ഫെഡറലിസത്തിനുമേലുള്ള കടന്നാക്രമണം'; ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതി സ്റ്റാലിൻ

എം.കെ. സ്റ്റാലിന്‍ | Photo: ANI
എം.കെ. സ്റ്റാലിന്‍ | Photo: ANI

ചെന്നൈ: കേന്ദ്രത്തിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരേ ആക്രമണം കടുപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. വിഷയത്തേക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച് മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പാർട്ടി നേതാക്കന്മാർക്കും കത്തെഴുതിയതായി അദ്ദേഹം പറഞ്ഞു. 

പാർലമെന്റ് സീറ്റുകളുടെ പുനർനിർണയം ഫെഡറലിസത്തിനു നേർക്കുള്ള നഗ്നമായ കന്നാക്രമണമാണ്. ജനസംഖ്യാ നിയന്ത്രണവും ഭരണമികവും പുലർത്തുന്ന സംസ്ഥാനങ്ങൾക്ക് പാർലമെന്റിൽ ന്യായമായി ലഭ്യമാകേണ്ട ശബ്ദത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള ശിക്ഷിക്കലാണിത്. ഈ ജനാധിപത്യ അനീതി നമ്മൾ അനുവദിച്ചു കൊടുക്കാൻ പോവുന്നില്ല, സ്റ്റാലിൻ സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി എന്നിവർക്കും കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, പശ്ചിമ ബംഗാൾ, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ പാർട്ടി നേതാക്കന്മാർക്കും കത്തെഴുതിയതായി സ്റ്റാലിൻ വ്യക്തമാക്കി. 

സംസ്ഥാനങ്ങളെ നിശ്ശബ്ദമാക്കുന്നതിനെ പ്രതിരോധിക്കാൻ ജോയിന്റ് ആക്ഷൻ കമ്മിറ്റി രൂപവത്കരിക്കുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. ഇതിലേക്ക് മുതിർന്ന നേതാക്കളെ പ്രതിനിധികളായി അയക്കാൻ വിവിധ സംസ്ഥാനങ്ങളിലെ പാർട്ടികളോട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. സി.പി.എം., കോൺഗ്രസ്, ബി.ആർ.എസ്., ബി.ജെ.പി., ബി.ജെ.ഡി., എ.എ.പി. തുടങ്ങി വിവിധ പാർട്ടികളോടാണ് ഇക്കാര്യം സ്റ്റാലിൻ അഭ്യർഥിച്ചിരിക്കുന്നത്.

Content Highlights: tamilnadu cm mk stalin writes letter to chief ministers regarding centres delimitation