ദുഃസ്വപ്നം കാണാതിരിക്കാന്‍ പാമ്പിനു മുന്നില്‍ നാവുനീട്ടി പൂജ; അണലികടിയേറ്റ ആളുടെ നാവ് മുറിച്ചുമാറ്റി

അണലി (ഫയല്‍ ചിത്രം) | ഫോട്ടോ: ജാഫർ പാലോട്ട്
അണലി (ഫയല്‍ ചിത്രം) | ഫോട്ടോ: ജാഫർ പാലോട്ട്

ചെന്നൈ: ജോത്സ്യന്റെ നിര്‍ദ്ദേശപ്രകാരം നാഗപൂജ നടത്തിയ 54-കാരന്റെ നാവില്‍ പാമ്പ് കടിച്ചു. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. കര്‍ഷകനായ രാജയ്ക്കാണ് അണലിയുടെ കടിയേറ്റത്. ആശുപത്രിയിലെത്തിച്ച ഇയാളുടെ നാവ് പിന്നീട് മുറിച്ചുമാറ്റേണ്ടിവന്നു.

രാജ സ്ഥിരമായി പാമ്പ് കടിയേല്‍ക്കുന്നത് ദുഃസ്വപ്നം കാണാറുണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹാരം തേടിയാണ് രാജ ജോത്സ്യനെ സമീപിച്ചത്. നാഗപൂജ നടത്താനായിരുന്നു ജോത്സ്യന്‍റെ നിർദേശം. ഇതിനായി സര്‍പ്പമുള്ള ഒരു കാവും അയാള്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് സര്‍പ്പത്തിന് മുന്നില്‍ നാവ് പുറത്തേക്ക് നീട്ടിയായിരുന്നു പൂജ. ഇതിനിടെ നൊടിയിടയില്‍ അണലി രാജയുടെ നാവിന് കടിക്കുകയായിരുന്നു.

കടിയേറ്റ് ബോധക്ഷയം സംഭവിച്ച അദ്ദേഹത്തെ കാവിലെ പൂജാരിയാണ് ആശുപത്രിയിലെക്കെത്തിച്ചത്. നാവില്‍നിന്ന് കടുത്ത രക്തസ്രാവത്തോടെയാണ് രാജയെ ആശുപത്രിയിലെത്തിച്ചതെന്ന് ഈറോട് മണിയന്‍ ആരോഗ്യകേന്ദ്രത്തിലെ ഡോ. സെന്തില്‍ കുമാരന്‍ വ്യക്തമാക്കി. വിഷം സാരമായി നാക്കിനെ ബാധിച്ചതായും ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടി നാവ് മുറിച്ചുമാറ്റിയതായും അദ്ദേഹം പറഞ്ഞു.

Content Highlights: Tamil Nadu man loses tongue to snake bite after following astrologer's advice