വിജയ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 1.15 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; 74 ശതമാനവും തുടങ്ങിക്കഴിഞ്ഞു

ചെന്നൈ: വിജയ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1.15 ലക്ഷം കോടി രൂപയുടെ വ്യവസായ നിക്ഷേപത്തിനുള്ള 112 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായി തമിഴ്നാട് നിക്ഷേപ പ്രോത്സാഹന കമ്മിഷൻ അറിയിച്ചു. ഇതിൽ 74.11 ശതമാനവും പ്രാവർത്തികമാക്കാൻ തുടങ്ങിക്കഴിഞ്ഞു. തമിഴ്നാട്ടിലേക്കു വരേണ്ട വ്യവസായനിക്ഷേപം ആന്ധ്രപ്രദേശിലേക്കു പോകുന്നതായി പ്രതിപക്ഷം വിമർശനമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ കണക്കുകൾ പുറത്തുവിട്ടത്.
ചീഫ് സെക്രട്ടറി ഡോ. എം. സായികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന നിക്ഷേപ പ്രോത്സാഹ കമ്മിഷൻ യോഗം തുടർനടപടികൾ അവലോകനംചെയ്തു. ഈ വർഷം മേയ് മാസത്തിനുശേഷമാണ് 112 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്. മൊത്തം 1,14,811.91 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ഇതിലുള്ളത്. ഇവ യാഥാർഥ്യമായാൽ 1,32,771 പേർക്ക് ജോലിലഭിക്കും. ഇതിൽ 83 പദ്ധതികൾ ഭൂമി ഏറ്റെടുക്കൽപോലുള്ള അടുത്തഘട്ടങ്ങളിലേക്കു കടന്നുകഴിഞ്ഞു. സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തിയതുകൊണ്ടാണ് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞതെന്ന് സംസ്ഥാന വ്യവസായമന്ത്രി എസ്. കീർത്തന പറഞ്ഞു.
വാഹന നിർമാതാക്കളായ ഹ്യൂണ്ടായിക്കും കിയയ്ക്കും ഘടക ഭാഗങ്ങൾ നിർമിച്ചുനൽകുന്ന ദക്ഷിണ കൊറിയൻ സ്ഥാപനങ്ങൾ 1,614 കോടി രൂപയുടെ വികസനപദ്ധതികൾ തമിഴ്നാട്ടിൽനിന്ന് ആന്ധ്രയിലേക്കു മാറ്റിയതായി പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. എന്നാൽ, ദക്ഷിണ കൊറിയയിലെ ഹ്വാഷിൻ ഓട്ടോമൊബൈൽസും സ്വെയോൺ ഇ ഹ്വാ സമ്മിറ്റ് ഓട്ടോമൊബൈൽസും അഞ്ചു വർഷത്തേക്ക് സംസ്ഥാനത്ത് 1,370 കോടി രൂപ നിക്ഷേപിക്കുമെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. ആന്ധ്രയിലേക്ക് പോകുന്നകാര്യം പരിഗണിച്ചിരുന്ന രണ്ടു കമ്പനികളും തമിഴ്നാട്ടിൽ തുടുരുമെന്ന് അറിയിച്ചിട്ടുണ്ട്.
Content Highlights: Tamil Nadu secured Rs 1,14,811.91 crore in industrial investments through 112 MoUs., Over 74% of the signed projects have already started implementation., Projects expected to generate employment for 1,32,771 people., South Korean auto component makers confirmed their continuation in Tamil Nadu, debunking opposition claims.