സൗജന്യ എൽപിജി, ബസ് യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ്; ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതി ഉപേക്ഷിച്ചു

ചെന്നൈ: ചെന്നൈയിൽ രണ്ടാമതൊരു വിമാനത്താവളത്തിനുള്ള പദ്ധതി ഉപേക്ഷിച്ചും പുതിയ സൗജന്യ പദ്ധതികൾക്ക് തുടക്കമിട്ടും തമിഴ്നാട് നിയമസഭയിൽ നിർണായയ പ്രഖ്യാപനങ്ങൾ നടത്തി മുഖ്യമന്ത്രി വിജയ്.
ചെന്നൈ പരന്ദൂരിൽ നിർദ്ദേശിച്ചിരുന്ന രണ്ടാമത്തെ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായുള്ള വിജയ്യുടെ പ്രഖ്യാപനമാണ് ഇതിൽ പ്രധാനം. ചെന്നൈയിൽനിന്ന് 60 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന പരന്ദൂരിൽ സ്റ്റാലിൻ സർക്കാരാണ് വിമാനത്താവളം പ്രഖ്യാപിച്ചിരുന്നത്. ഈ വിമാനത്താവള പദ്ധതിക്കെതിരെ ദീർഘകാലമായി പ്രതിഷേധങ്ങൾ നടന്നിരുന്നു.
പറന്ദൂരിലെ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച വിജയ് ജനങ്ങൾക്ക് എതിർപ്പില്ലാത്ത ഒരിടത്ത് പുതിയ വിമാനത്താവളം സ്ഥാപിക്കാൻ നിർദ്ദേശിക്കുമെന്നും അറിയിച്ചു. വിദഗ്ധസംഘങ്ങൾ വിമാനത്താവളത്തിനുള്ള സാധ്യതകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും പുതിയ സ്ഥലം തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വലിയൊരു വിഭാഗം ആളുകളെ കുടിയൊഴിപ്പിക്കുന്നത് ഒഴിവാക്കാനും പ്രദേശത്തെ കൃഷിഭൂമി സംരക്ഷിക്കാനും വേണ്ടിയാണ് പരന്ദൂരിലെ പദ്ധതി റദ്ദാക്കാൻ തീരുമാനിച്ചതെന്ന് വിജയ് പറഞ്ഞു. ജനസാന്ദ്രതയേറിയ ഈ പ്രദേശം തിരഞ്ഞെടുത്തതിന് ഡിഎംകെ സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
കുടുംബനാഥകളുടെ പേരിൽ വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകുന്ന പദ്ധതിയും തിങ്കളാഴ്ച വിജയ് പ്രഖ്യാപിച്ചു. 'അന്നപൂർണി സൂപ്പർ 6' പദ്ധതിയുടെ ഭാഗമായാണിത്.
ഏകദേശം 4,000 കോടി രൂപ വാർഷിക ബജറ്റ് ചെലവ് പ്രതീക്ഷിക്കുന്ന ഈ ക്ഷേമപദ്ധതി, സംസ്ഥാനത്തെ 1.30 കോടിയിലധികം അർഹരായ കുടുംബങ്ങൾക്ക് പ്രയോജനംചെയ്യുമെന്ന് ടിവികെ സർക്കാർ അവകാശപ്പെട്ടു.
വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്ത കുടുംബങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ, ചെറുകിട കർഷക കുടുംബങ്ങൾ, ഭിന്നശേഷിക്കാരുടെ കുടുംബങ്ങൾ എന്നിവർ പദ്ധതിയിൽ ഉൾപ്പെടുമെന്ന് വിജയ് വ്യക്തമാക്കി. പാചകവാതക സിലിണ്ടർ ബുക്ക് ചെയ്ത് ഡെലിവറി ചെയ്യുന്ന വേളയിൽ കുടുംബനാഥയുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സർക്കാർ ഇട്ടുനൽകും. വരുന്ന ജനുവരിയിലെ പൊങ്കൽ ഉത്സവം മുതൽ പദ്ധതി പ്രാബല്യത്തിൽവരും.
സാമൂഹിക സുരക്ഷയും യാത്രാസൗകര്യവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ രണ്ടുമുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ യാത്രാക്കാർക്കുമുള്ള സൗജന്യ ബസ് യാത്രാപദ്ധതി കൂടുതൽ വ്യാപിപ്പിച്ചുകൊണ്ട് 'വെട്രി പയണം' പദ്ധതിയും തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
വിപുലീകരിച്ച യാത്രാപദ്ധതി പ്രകാരം മെട്രോപൊളിറ്റൻ-നഗര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ്, ഡീലക്സ് സർക്കാർ ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാം. ദൂരസ്ഥലങ്ങളിലേക്കും മലയോര പ്രദേശങ്ങളിലേക്കും സർവീസ് നടത്തുന്ന ഓർഡിനറി ബസുകളിലും ഈ ആനുകൂല്യം ലഭ്യമാകും.
'വെട്രി പയണം' പദ്ധതി നടപ്പിലാക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം ഏകദേശം 6,000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വരുമാന പരിധികളില്ലാതെയണ് പദ്ധതി നടപ്പിലാക്കുകയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Parandur greenfield airport project cancelled to protect farmland and prevent displacement., Annapoorna Super 6 scheme launched to provide 3 free LPG cylinders annually to women heads of families starting January., Vetri Payanam expanded free bus travel scheme for women and transgender passengers starting October 2.