വമ്പൻ പ്രഖ്യാപനവുമായി വിജയ്: 75000 രൂപവരെയുള്ള കാർഷികവായ്പകൾ എഴുതിത്തള്ളും, 1 ലക്ഷംവരെയുള്ളതിന് ഇളവ്

#ന്യൂസ് ഡെസ്ക്
സി. ജോസഫ് വിജയ് | Photo: ANI
സി. ജോസഫ് വിജയ് | Photo: ANI

ചെന്നൈ: വൻ ജനപ്രിയ പ്രഖ്യാപനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സഹകരണ ബാങ്കുകളിലെ 75,000 രൂപവരെയുള്ള കാർഷിക വായ്പകൾ പൂർണമായി എഴുതിത്തള്ളുമെന്ന് അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.

മാത്രമല്ല, 75,000 മുതൽ ഒരുലക്ഷംവരെയുള്ള വായ്പകൾക്ക് ഇളവ് നൽകുമെന്നും വിജയ് പറഞ്ഞു. ഈ വായ്പകൾക്ക് 75,000 രൂപ വരെയാണ് ഇളവ് നൽകുക. കാർഷികവായ്പ എഴുതിത്തള്ളാനും ഇളവ് നൽകാനുമുള്ള സർക്കാർ തീരുമാനം തമിഴ്‌നാട്ടിലെ 13.34 ലക്ഷം കർഷകർക്ക് ഗുണകരമാകുമെന്നാണ് കരുതപ്പെടുന്നത്.

മേയ്മാസത്തിൽ അധികാരമേറ്റതിന് പിന്നാലെ തന്റെ സർക്കാർ അൻപതിനായിരം രൂപവരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നെന്നും വിജയ് കൂട്ടിച്ചേർത്തു.

കൃഷി സംസ്ഥാനത്തിന്റെ നട്ടെല്ലാണെന്നും കർഷർക്ക് നൽകുന്ന പിന്തുണയെ ആശ്രയിച്ചായിരിക്കും രാജ്യത്തിന്റെ സമൃദ്ധിയെന്നും വിജയ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കർഷകർക്ക് 953.06 കോടി രൂപയുടെ അധികസഹായം നൽകാൻ തന്റെ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Complete waiver of agricultural loans up to Rs 75,000 in cooperative banks., Concessions provided for loans ranging from Rs 75,000 to Rs 1 lakh., Decision benefits approximately 13.34 lakh farmers in Tamil Nadu., Additional financial support of Rs 953.06 crore allocated for farmers.