നടൻ കരുണാസിൽനിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു

കരുണാസ് | Photo: https://www.facebook.com/actorkarunas
കരുണാസ് | Photo: https://www.facebook.com/actorkarunas

ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽവെച്ച് നടനും മുൻ എം.എൽ.എ.യുമായ കരുണാസിൽനിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു. തിരുച്ചിറപ്പള്ളിയിലേക്കു പോകാനായാണ് കരുണാസ് വിമാനത്താവളത്തിലെത്തിയത്.

സുരക്ഷാ ഉദ്യോഗസ്ഥർ സാധനസാമഗ്രികൾ പരിശോധിക്കുന്നതിനിടെ അപായ സൈറൺ മുഴങ്ങുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ടകൾ കണ്ടെടുത്തു. ഇതോടെ കരുണാസിന് തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചു. തുടർന്ന് ചോദ്യം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ദിണ്ടിക്കൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ മറന്നുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ദിണ്ടിക്കൽ പോലീസ് സ്റ്റേഷനിൽ തോക്ക് കൈമാറിയത് തെളിയിക്കുന്ന രേഖകളും കാണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ദിണ്ടിക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കരുണാസിന്റെ മൊഴി ശരിയാണെന്ന് കണ്ടെത്തി.

Content Highlights: Tamil actor Karunas found in possession of bullets at Chennai airport