ഗുജറാത്തില്‍ ആറുനില കെട്ടിടം തകര്‍ന്ന് അപകടം: മരണം ഏഴായി; കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക

തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം | Photo: ANI
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം | Photo: ANI

സൂറത്ത്: ഗുജറാത്തില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തിൽ മരണം ഏഴായി. ശനിയാഴ്ച രാത്രിയും തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ  കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്.

ഞായറാഴ്ച രാവിലെ ആറോടെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സൂറത്തിലെ സച്ചിന്‍പാലി ഗ്രാമത്തിലെ കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് തിരച്ചില്‍.

അതേസമയം, താമസക്കെട്ടിടം നിര്‍മിച്ചത് അനധികൃതമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30-ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍, അഞ്ച് ഫ്‌ളാറ്റുകളില്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ. ടെക്‌സറ്റൈല്‍ ഫാക്ടറിയില്‍ ജോലിചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്.

കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കുന്നു | Photo: ANI

അപകടസമയത്ത് ഭൂരിഭാഗംപേരും ജോലിസ്ഥലത്തായിരുന്നു. എന്നാല്‍, രാത്രി ജോലി കഴിഞ്ഞുവന്നവരടക്കം ഉറങ്ങുന്നതിനാല്‍ ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. 25 വയസിനടുത്ത് പ്രായമുള്ള ആളുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. 23 വയസുള്ള കശിഷ് ശര്‍മ എന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ന്യൂ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: 7 Killed In Surat Building Collapse, Bodies Pulled Out Of Debris Overnight