'സുനാമി ഊഞ്ഞാൽ' തകർന്നുവീണ് ഒരു മരണം, 13 പേർക്ക് പരിക്ക്; നടുക്കുന്ന ദൃശ്യം

#ന്യൂസ് ഡെസ്‌ക്
Photo Courtesy: x.com/uniindianews
Photo Courtesy: x.com/uniindianews

ന്യൂഡൽഹി: ഫരീദാബാദിലെ സുരജ്​കുണ്ഡ് മേളയ്ക്കിടെ യന്ത്രഊഞ്ഞാൽ തകർന്നുവീണ് അപകടം. മേളയുടെ ഭാഗമായി ഒരുക്കിയിരുന്ന 'സുനാമി ഊഞ്ഞാൽ' ആണ് തകർന്നുവീണത്. അപകടത്തിൽ ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്. 13 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. പോലീസ് ഇൻസ്‌പെക്ടറായ ജഗദീഷ് പ്രസാദിനാണ് അപകടത്തെത്തുടർന്ന് ജീവൻ നഷ്ടമായത്. അപകടം നടന്നതറിഞ്ഞ് പരിക്കേറ്റവരെ രക്ഷിക്കാനെത്തിയതായിരുന്നു ഇദ്ദേഹം. രക്ഷാപ്രവർത്തനത്തിനിടെ ഇദ്ദേഹത്തിന് ഗുരുതര പരിക്കേറ്റെന്നും തുടർന്ന് മരണം സംഭവിച്ചെന്നുമാണ് വിവരം.

അപകടവിവരമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണർ, ടൂറിസം വകുപ്പ് മാനേജിങ് ഡയറക്ടർ തുടങ്ങിയവരും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നിലവിൽ അപകടസ്ഥലത്തേക്ക് ജനങ്ങൾ പ്രവേശിക്കാതിരിക്കാനായി ബാരിക്കേഡ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. നേരത്തേ ശക്തമായ കാറ്റിനെത്തുടർന്ന് മേളയിലെ ഒരു ഭക്ഷണശാലയും നിലംപ്പൊത്തിയിരുന്നു.

Content Highlights: Tragic accident at Surajkund Mela as `Tsunami Swing` collapses. One police inspector dead, 13 injured during rescue efforts. Site secured.