UAPA കേസുകളിലും 'ജാമ്യമാണ് നിയമം,ജയിൽ അപവാദവും'; വ്യക്തിസ്വാതന്ത്ര്യം മറികടക്കാനാവില്ല- സുപ്രീംകോടതി

#ന്യൂസ് ഡെസ്ക്
സുപ്രീം കോടതി | Photo: PTI
സുപ്രീം കോടതി | Photo: PTI

ന്യൂഡൽഹി: കർശനമായ യുഎപിഎ (UAPA) നിയമപ്രകാരം ചുമത്തപ്പെട്ട കേസുകളിലും 'ജാമ്യം നിയമവും ജയിൽ അപവാദവുമാണ്' എന്ന അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി.വി. നഗരരത്ന, ജസ്റ്റിസ് ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക നിരീക്ഷണം നടത്തിയത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തെ മറികടക്കാൻ യുഎപിഎ നിയമത്തിലെ കർശന വ്യവസ്ഥകൾക്ക് കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിചാരണ കൂടാതെ ദീർഘകാലം തടവിൽ പാർപ്പിക്കുന്നത് ശിക്ഷയ്ക്ക് തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. ഭീകരവാദ ഫണ്ടിംഗ് കേസിൽ ആറ് വർഷത്തിലേറെയായി തടവിൽ കഴിയുന്ന സയ്യിദ് ഇഫ്തിഖർ അന്ദ്രാബിക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്

2020 ജൂണിൽ ജമ്മു കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന വാഹന പരിശോധനയിൽ 1.15 കോടി രൂപയും 21 കിലോഗ്രാം ഹെറോയിനും പോലീസും എൻ.ഐ.എയും പിടികൂടിയിരുന്നു. ഈ സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട പ്രധാനികളിൽ ഒരാളാണ് ഇദ്ദേഹം. മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന പണം ലഷ്‌കറെ തൊയ്ബ തുടങ്ങിയ ഭീകര സംഘടനകളിലേക്ക് എത്തിച്ചെന്നാണ് കേസ്. യുഎപിഎ നിയമപ്രകാരം തടവിലായ അന്ദ്രാബിയുടെ ജാമ്യാപേക്ഷ വിചാരണ പ്രാരംഭ ഘട്ടത്തിലാണെന്ന കാരണം ചൂണ്ടിക്കാട്ടി ജമ്മു കശ്മീർ ഹൈക്കോടതി 2025 ഓഗസ്റ്റിൽ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ മുൻ ജെഎൻയു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളിയ മുൻ വിധിയെയാണ് സുപ്രീം കോടതി ചോദ്യം ചെയ്തിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. വിചാരണ വൈകുന്നത് ജാമ്യം അനുവദിക്കാനുള്ള ഭരണഘടനാപരമായ കാരണമാണെന്ന 2021-ലെ കെ.എ. നജീബ് കേസിലെ സുപ്രധാന വിധി ഉമർ ഖാലിദിന്റെ കാര്യത്തിൽ ശരിയായി നടപ്പിലാക്കിയില്ലെന്ന് കോടതി പറഞ്ഞു.

2020 സെപ്റ്റംബർ മുതൽ തടവിൽ കഴിയുന്ന ഉമർ ഖാലിദിന് ജനുവരിയിലാണ് സുപ്രീം കോടതി ജാമ്യം നിഷേധിച്ചത്. ഡൽഹി കലാപക്കേസിൽ താൻ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അക്രമം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമാണ് ഉമർ ഖാലിദിന്റെ നിലപാട്. ആന്ദ്രാബിയുടെ കാര്യത്തിൽ സുപ്രീം കോടതി നിരീക്ഷണം യുഎപിഎ കേസുകളിൽ തടവിൽ കഴിയുന്ന മറ്റ് പ്രതികളുടെ ജാമ്യാപേക്ഷകളിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

Content Highlights: Supreme Court reaffirms that bail is the rule and jail is the exception under UAPA., Court emphasizes that UAPA provisions cannot override Article 21 constitutional rights., Prolonged pre-trial detention is equated to punishment., The ruling impacts ongoing UAPA cases, citing the 2021 K.A. Najeeb precedent., Decision contrasts with previous bail denials in high-profile conspiracy cases.