വ്യവസായങ്ങൾ അടച്ചുപൂട്ടി, തൊഴിലാളിചൂഷണവും; തൊഴിലാളി സംഘടനകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ വ്യാവസായിക സ്തംഭനാവസ്ഥയ്ക്ക് കാരണമാകുന്ന മുഖ്യഘടകങ്ങളിലൊന്ന് തൊഴിലാളി സംഘടനകളുടെ പ്രവർത്തനങ്ങളാണെന്ന് സുപ്രീം കോടതി. തൊഴിലാളി സംഘടനകളുടെ പ്രവർത്തനം രാജ്യത്തുടനീളം നിരവധി വ്യാവസായിക യൂണിറ്റുകൾ അടച്ചുപൂട്ടുന്നതിന് കാരണമായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. സാമ്പത്തിക വളർച്ചയിൽ തൊഴിലാളി സംഘടനകളുടെ സ്വാധീനത്തെക്കുറിച്ച് ചോദ്യമുന്നയിച്ചുകൊണ്ട്, കൊടി പിടിക്കുന്ന യൂണിയനുകളുടെ പ്രവർത്തനങ്ങൾ കാരണം നിരവധി പരമ്പരാഗത വ്യവസായങ്ങൾ അടച്ചുപൂട്ടിയതായി ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ജോലി ചെയ്യാതെ ആക്രമണാത്മക സംഘടന പ്രവർത്തനം വ്യാവസായിക വികസനത്തെ സാരമായി തടസ്സപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. തൊഴിലാളി ചൂഷണം നിലനിൽക്കുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. തൊളിലാളി സംഘടനകൾ തൊഴിലാളികളുടെ കഴിവുകൾ മെച്ചപ്പെടുത്തുക, വ്യക്തിഗത അവകാശങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക തുടങ്ങിയ ബദൽ പരിഷ്കാരങ്ങൾക്കാണ് ഊന്നൽ നൽകേണ്ടിയിരുന്നത്. അല്ലാതെ വിനാശകരമായ മാർഗങ്ങളിലൂടെയുള്ള പ്രവർത്തനങ്ങളല്ല ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.
പെൺ തൊഴിലർ സംഘം, മറ്റ് ട്രേഡ് യൂണിയനുകൾ എന്നിവർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് ഈ പരാമർശങ്ങൾ ഉണ്ടായത്. ഗാർഹിക തൊഴിലാളികൾക്ക് മിനിമം വേതനം ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഹർജി പരിഗണിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ്, അത്തരം നടപടികൾ വ്യക്തിഗത, കുടുംബങ്ങളെ ഉൾപ്പെടുത്തിയുള്ള വ്യാപകമായ കേസുകൾക്ക് കാരണമായേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
സിങ്കപ്പൂർ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ ഗാർഹിക തൊഴിലാളികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുകയും മിനിമം വേതനവും പ്രതിവാര അവധികളും ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു. നല്ല ഉദ്ദേശ്യത്തോടെയുള്ള ക്ഷേമ ഇടപെടലുകൾ ചിലപ്പോൾ ഉദ്ദേശിക്കാത്ത ഫലങ്ങൾ ഉണ്ടാക്കുമെന്നും അത് കൂടുതൽ ചൂഷണത്തിലേക്ക് നയിക്കുമെന്നും സി.ജെ.ഐ. മുന്നറിയിപ്പ് നൽകി. തൊഴിൽ സാധ്യതകൾ പരിഗണിക്കാതെ മിനിമം വേതനം നിശ്ചയിക്കുന്നത് ഗാർഹിക തൊഴിലാളികളെ തേടുന്നതിൽ നിന്ന് കുടുംബങ്ങളെ നിരുത്സാഹപ്പെടുത്തിയേക്കാമെന്നും അതിലൂടെ തൊഴിലാളികളുടെ അവസ്ഥ വഷളാക്കിയേക്കാം എന്നും അദ്ദേഹം നിരീക്ഷിച്ചു.
ഏജൻസി വഴിയുള്ള നിയമനം പരമ്പരാഗതമായി ഗാർഹിക തൊഴിലാളികളും തൊഴിൽ ഉടമകളും തമ്മിലുള്ള വിശ്വാസബന്ധത്തെ പലപ്പോഴും ദുർബലപ്പെടുത്തുന്നു, ഇത് ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും എന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി തന്നെ ഒരു ഏജൻസി വഴി തൊഴിലാളികളെ നിയമിച്ചപ്പോൾ, ഒരു തൊഴിലാളിക്ക് 40,000 രൂപ ചെലവഴിച്ചെങ്കിലും, ജീവനക്കാർക്ക് ലഭിച്ചത് 19,000 രൂപ മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
യൂണിയൻ സമ്മർദ്ദം വഴി മിനിമം വേതനം നടപ്പിലാക്കുന്നത് കുടുംബങ്ങളെ നിയമ തർക്കങ്ങളിലേക്ക് വലിച്ചിഴച്ചേക്കാം എന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി. ഹർജി പരിഗണിക്കാതെ തള്ളിക്കളയുകയാണെന്നും, ആവശ്യപ്പെട്ട പരിഹാരങ്ങൾ നിയമനിർമ്മാണത്തിനുള്ള നിർദ്ദേശമാണെന്നും, അത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും കോടതി നിരീക്ഷിച്ചു.
Content Highlights: Supreme Court criticizes trade unions for obstructing industrial growth and job creation, questioning their impact on economic progress.