‘നിക്ഷേപിച്ചത് അധിക പലിശ ലക്ഷ്യമിട്ടല്ലേ?’ റിസ്‌ക് എടുത്തവരാണ് ബാധ്യസ്ഥരെന്നും സുപ്രീം കോടതി

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ
സുപ്രീംകോടതി | ഫോട്ടോ: സാബു സ്കറിയ

ന്യൂഡൽഹി: പത്തനംതിട്ടയിലെ പോപ്പുലർ ഫിനാൻസിൽ പണം നിക്ഷേപിച്ചവരെ വിമർശിച്ച് സുപ്രീം കോടതി. രാജ്യത്ത് എത്രയോ ദേശസാൽക്കൃത ബാങ്കുകൾ ഉണ്ട്. അവിടെയൊന്നും പണം നിക്ഷേപിക്കാതെ അധിക പലിശ ലക്ഷ്യമിട്ടല്ലേയെന്ന് നിക്ഷേപകരോട് സുപ്രീം കോടതി ചോദിച്ചു. പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇ.ഡിയുടെയും നിക്ഷേപകരുടെയും ഹർജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ പരാമർശം.

തോമസ് ഡാനിയലിന് നേരത്തെ കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം കിട്ടിയാൽ നിക്ഷേപകർക്ക് നൽകാനുള്ള പണം നൽകുമെന്ന് തോമസ് ഡാനിയൽ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നത് ആണെന്നാണ് നിക്ഷേപകരുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥ തോമസ് ഡാനിയൽ ലംഘിച്ചതായി നിക്ഷേപകരുടെ അഭിഭാഷകൻ മനോജ് ജോർജ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.

2000 കോടി രൂപയോളം ആണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തിയിരിക്കുന്നതെന്ന്‌ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് രാജ്യത്ത് എത്രയോ ദേശസാൽകൃത ബാങ്കുകൾ ഉണ്ട്, അവിടെയൊന്നും പണം നിക്ഷേപിക്കാതെ പോപ്പുലർ ഫിനാൻസിൽ നിക്ഷേപം നടത്തിയത് അധിക പലിശ ലക്ഷ്യമിട്ടല്ലേയെന്ന് സുപ്രീം കോടതി ചോദിച്ചത്. അങ്ങനെ നിക്ഷേപം നടത്തിയവർ അതിന്റെ റിസ്‌ക് എടുക്കാൻ ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകൻ എം.ആർ അഭിലാഷും നിക്ഷേപകർക്കായി ഹാജരായി.

തോമസ് ഡാനിയൽ ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടുണ്ടെങ്കിൽ ജാമ്യം റദ്ദാക്കാനായി നിക്ഷേപകർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തോമസ് ഡാനിയലിന് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകൻ ബിജോ മാത്യു എന്നിവർ ഹാജരായി. ഇ.ഡിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സൊഹെയ്ബ് ഹുസ്സൈൻ ആണ് ഹാജരായത്.

Content Highlights: Supreme Court questions why investors chose private firms over nationalized banks., Court notes investors are responsible for risks taken for high-interest returns., Bail plea of MD Thomas Daniel challenged by ED and investors., Investors directed to approach the High Court if bail conditions are violated.