'തെറ്റായെന്തോ സംഭവിക്കുന്നു'; കരൂർ ദുരന്തം സംബന്ധിച്ച ഹൈക്കോടതി നടപടികളിൽ സംശയം പ്രകടിപ്പിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: നടൻ വിജയിയുടെ റാലിൽ ഉണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി നടപടികളിൽ സംശയം ഉന്നയിച്ച് സുപ്രീം കോടതി. കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും വാദംകേൾക്കുന്നതിലും മദ്രാസ് ഹൈക്കോടതിയിൽ 'തെറ്റായി എന്തോ സംഭവിക്കുന്നെ'ന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ കെ.ജെ. മഹേശ്വരി, വിജയ് ബിഷ്ണോയി എന്നിവരുൾപ്പെട്ട ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
കേസുകൾ ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമ നടപടിക്രമങ്ങൾ സംബന്ധിച്ചാണ് സുപ്രീം കോടതി സംശയമുന്നയിച്ചത്. തുടർന്ന് മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷി ചേർത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ടിവികെ റാലിയിൽ ഉണ്ടായ ദുരന്തം പ്രത്യേകാന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിക്കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്ത് ടിവികെ ഹർജി നൽകിയിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ചെന്നൈ ബെഞ്ചിന്റെ ഭാഗത്തുനിന്നുള്ള അനൗചിത്വം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയും ഉത്തരവ് പുറപ്പെടുവിച്ച രീതിയേയും സുപ്രീം കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
റോഡ് ഷോ നടത്തുന്നതിനായുള്ള മാർഗനിർദേശങ്ങൾ തേടിക്കൊണ്ടുള്ള ഹർജിയിൽ എസ്ഐടി അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, കരൂർ മധുര ബെഞ്ചിന്റെ അധികാരപരിധിയിൽ വരുമ്പോൾ ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ സാധിക്കുമെന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വേളയിലായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി പരസ്പരവിരുദ്ധമായ രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചതിന്റെ ഔചിത്യത്തെ സുപ്രീം കോടതി നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടു.
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം മധുര ബെഞ്ച് നിരസിച്ചിരുന്നു. എന്നാൽ, ചെന്നൈ ബെഞ്ച് എസ്ഐടി അന്വേഷണത്തിന് നിർദേശിക്കുകയായിരുന്നു.
Content Highlights: Supreme Court Questions Madras High Court Proceedings in Actor Vijay Rally Tragedy Case