സംഭൽ അക്രമക്കേസ്: മുല്ല അഫ്രോസിന്റെ കരുതൽതടവ് സുപ്രീം കോടതി റദ്ദാക്കി; യുപി സർക്കാരിന് 10 ലക്ഷം പിഴ

#ന്യൂസ് ഡെസ്ക്
സംഭൽ സംഘർഷത്തിൽ പോലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ : പി.ടി.ഐ.
സംഭൽ സംഘർഷത്തിൽ പോലീസ് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുന്നു (ഫയൽ ചിത്രം) | ഫോട്ടോ : പി.ടി.ഐ.

ന്യൂഡൽഹി: 2024-ലെ സംഭൽ അക്രമസംഭവത്തിന്റെ പ്രധാന സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന മുല്ല അഫ്രോസിനെതിരെയുള്ള 1980-ലെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (എൻ.എസ്.എ.) കരുതൽ തടവ് സുപ്രീംകോടതി റദ്ദാക്കി. അഫ്രോസിന്റെ കരുതൽ തടവ് ശരിവെച്ച അലാഹാബാദ് ഹൈക്കോടതി ഉത്തരവ് ജസ്റ്റിസ് ദിപാങ്കർ ദത്ത, ജസ്റ്റിസ് ശീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് റദ്ദാക്കിയത്.

പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി നൽകിയതായി പറയപ്പെടുന്ന കുറ്റസമ്മത മൊഴിയെ കരുതൽ തടവിനുള്ള അടിസ്ഥാനമായി സ്വീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. കുറ്റസമ്മത മൊഴി മാത്രം കരുതൽതടവിനുള്ള ഏക കാരണമായി കാണാൻ കഴിയില്ലെന്നും കേസിന്റെ മറ്റ് സാഹചര്യങ്ങളും പരിശോധിക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കരുതൽ തടവ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പ്രധാന തെളിവുകളും വിവരങ്ങളും പരിഗണിക്കുന്നതിൽ തടവ് ഉത്തരവിട്ട അധികാരി പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. തുടർന്ന് അഫ്രോസിന്റെ കരുതൽ തടവ് ഉത്തരവും തടവ് ശരിവെച്ച അലാഹാബാദ് ഹൈക്കോടതി വിധിയും സുപ്രീംകോടതി റദ്ദാക്കി. കൂടാതെ, ഉത്തർപ്രദേശ് സർക്കാരിന് പത്ത് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു.

2024 നവംബറിൽ ഷാഹി ജമാ മസ്ജിദിൽ കോടതി ഉത്തരവുപ്രകാരം നടത്തിയ സർവേയെത്തുടർന്ന് സംഭലിലുണ്ടായ അക്രമസംഭവങ്ങളിൽ നിന്നാണ് ഈ കേസിന്റെ തുടക്കം. സംഘർഷത്തിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു. അക്രമം നടന്ന് ഏകദേശം 54 ദിവസങ്ങൾക്ക് ശേഷമാണ് അഫ്രോസിനെ പോലീസ് അറസ്റ്റ് ചെയ്തത്.

പിന്നീട് അലാഹാബാദ് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, 2025 ഒക്ടോബർ 13-ന് സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എസ്.എ. സെക്ഷൻ 3 പ്രകാരം അഫ്രോസിനെ കരുതൽ തടവിലാക്കാൻ ഉത്തരവിട്ടു. തുടർന്ന് അലാഹാബാദ് ഹൈക്കോടതി ഈ കരുതൽ തടവ് ശരിവെച്ചതോടെയാണ് അഫ്രോസ് സുപ്രീംകോടതിയെ സമീപിച്ചത്.