പാസ്പോർട്ട്-വിസ സേവനങ്ങളിൽ കേന്ദ്രത്തിന് തിരിച്ചടി; 3 മാസത്തിനുള്ളിൽ റീടെൻഡർ വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നാല് വിദേശ രാജ്യങ്ങളിലെ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ സംബന്ധിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേന്ദ്ര സർക്കാരും വിദേശകാര്യ മന്ത്രാലയവും സമർപ്പിച്ച ഹർജി കോടതി തള്ളി. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ട്, വിസ സേവനങ്ങളെയാണ് പ്രധാനമായും ഈ കോടതി നടപടി ബാധിക്കുന്നത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ള പ്രകാരം റീടെൻഡർ നടപടികൾ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
റീടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവാസികൾക്കുള്ള പാസ്പോർട്ട്, വിസ സേവനങ്ങൾ യാതൊരു കാരണവശാലും തടസ്സപ്പെടരുതെന്ന് സുപ്രീം കോടതി പ്രത്യേകം നിർദ്ദേശിച്ചു. ഇടക്കാല സംവിധാനം എന്ന നിലയിൽ കേന്ദ്ര സർക്കാരിന് താല്പര്യമുള്ള കമ്പനികൾക്ക് ഈ മൂന്ന് മാസക്കാലം സേവനം തുടരാമെങ്കിലും, ഇത് പിന്നീട് സ്ഥിരം കരാർ ലഭിക്കുന്നതിനുള്ള ഒരു അവകാശവാദമായി ഉന്നയിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയാകുന്നതുവരെ എംബസികളോ കോൺസുലേറ്റുകളോ നേരിട്ടോ, അല്ലെങ്കിൽ നിലവിൽ കരാർ ലഭിച്ച കമ്പനികൾ വഴിയോ സേവനങ്ങൾ തുടരാവുന്നതാണ്. കുവൈത്തിൽ ഡൂ ഡിജിറ്റൽ പോലുള്ള കമ്പനികൾക്കും മറ്റ് രാജ്യങ്ങളിൽ അൽഹിന്ദ് പോലുള്ള കമ്പനികൾക്കും നൽകിയ കരാറുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി പുതിയ ടെൻഡർ നടപടികൾക്ക് വിധേയമായിരിക്കും.
Content Highlights: Supreme Court mandates a retender for passport and visa services in UAE, Kuwait, Singapore, and Australia within 3 months.