തീസ്തയ്ക്ക് ജാമ്യം; ഗുജറാത്ത് ഹൈക്കോടതി ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

തീസ്ത സെതല്‍വാദ് | ഫോട്ടോ: കെ.കെ സന്തോഷ്
തീസ്ത സെതല്‍വാദ് | ഫോട്ടോ: കെ.കെ സന്തോഷ്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക തീസ്ത സെതൽവാദിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. 

തീസ്തയ്ക്ക് ജാമ്യം റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി നടപടിയേയും സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഹൈക്കോടതി ഉത്തരവിലെ പല പരാമര്‍ശങ്ങളും പരസ്പര വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനി തീസ്ത സെതൽവാദിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട കാര്യമില്ലെന്നും ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്ന് തീസ്തയോട് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

തീസ്തയ്‌ക്കെതിരായ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങള്‍ വികൃതമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചു. തീസ്തയുടെ അറസ്റ്റിന്റെ ഉദ്ദേശലക്ഷ്യത്തേയും ജസ്റ്റിസ് ബിആര്‍ ഗവായി ചോദ്യംചെയ്തു. കുറ്റക്കാരിയാണെന്നുകണ്ട് 24 മണിക്കൂറിനകം തീസതയെ അറസ്റ്റ് ചെയ്യാന്‍ ജൂണ്‍ 24 മുതല്‍ ജൂണ്‍ 25 വരെ എന്ത് അന്വേഷണമാണ് പോലീസ് നടത്തിയതെന്നും ബിആര്‍ ഗവായി ചോദിച്ചു. 

തീസ്ത സെതൽവാദിനെയും കൂട്ടുപ്രതിയായ ഗുജറാത്ത് മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും കഴിഞ്ഞ വര്‍ഷം ജൂണ്‍ 25-നാണ് ഗുജറാത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നരേന്ദ്രമോദി അടക്കമുള്ളവരെ ഗുജറാത്ത് കലാപത്തില്‍ പ്രതികളാക്കാന്‍ തീസ്തയും ശ്രീകുമാറും സഞ്ജീവ് ഭട്ടും ഗൂഢാലോചന നടത്തുകയും വ്യാജരേഖകള്‍ ചമയ്ക്കുകയും ചെയ്തെന്നാണ് പോലീസ് ആരോപണം. കേസില്‍ 2022 സെപ്റ്റംബറില്‍ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, സ്ഥിരം ജാമ്യത്തിനായുള്ള തീസ്തയുടെ ഹര്‍ജി ജൂലായ് ആദ്യവാരം തള്ളിയ ഗുജറാത്ത് ഹൈക്കോടതി, തീസ്ത എത്രയും വേഗം കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരേയാണ് തീസ്ത സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights: Supreme Court grants regular bail to Teesta Setalvad