ചികിത്സയോട് പ്രതികരിക്കുന്നില്ല, 32 കാരന് ദയാവധമനുവദിക്കണമെന്ന് പിതാവ്; പരിഗണിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: കെട്ടിടത്തിൽനിന്ന് വീണതിനെത്തുടർന്ന് കഴിഞ്ഞ 13 വർഷമായി ചലനശേഷിയും ബോധവുമില്ലാതെ കിടക്കുന്ന 32-കാരന് നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നത് പരിശോധിക്കാൻ സുപ്രീംകോടതി. ഇതിനായി രണ്ടാം മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ കോടതി ഉത്തരവിട്ടു. യുവാവിനെ ഈയവസ്ഥയിൽ കഴിയാൻ അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, കേസ് ഈമാസം 18-ലേക്കുമാറ്റി.
യുവാവിന് ഇപ്പോഴത്തെ സ്ഥിതിയിൽനിന്ന് മാറ്റമുണ്ടാവാനുള്ള സാധ്യത അതിവിരളമാണെന്നും ജീവൻരക്ഷാ ഉപകരണങ്ങൾ പിൻവലിക്കാമെന്നും നോയ്ഡ ജില്ലാ ആശുപത്രിയുണ്ടാക്കിയ പ്രാഥമിക മെഡിക്കൽ ബോർഡ് വിലയിരുത്തിയിരുന്നു. തുടർന്നാണ് രണ്ടാം ബോർഡുണ്ടാക്കാൻ ഡൽഹി എയിംസിനോട് നിർദേശിച്ചത്.
ഹരീഷ് റാണയ്ക്ക് നിഷ്‌ക്രിയ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് പിതാവ് അശോക് റാണയാണ് സുപ്രീംകോടതിയെ സമീപിച്ചത്. റാണയുടെ ആവശ്യം കഴിഞ്ഞവർഷം സുപ്രീംകോടതി തള്ളിയിരുന്നു. തുടർന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഉത്തർപ്രദേശ് സർക്കാർ ഹരീഷിന്റെ ചികിത്സ ഏറ്റെടുത്തു. മകന്റെ ആരോഗ്യനില വീണ്ടും മോശമായെന്നും ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വീണ്ടും സുപ്രീംകോടതിയിലെത്തിയത്.
Content Highlights: Supreme Court to review passive euthanasia for a 32-year-old man in a vegetative state for 13 years. A second medical board will be formed to assess the case.