‘പ്രധാനമന്ത്രിക്ക് ദുരുദ്ദേശ്യമില്ല’; തിര. കമ്മിഷണർ നിയമനസമിതിയുടെ സാധുത ഇല്ലാതാക്കരുതെന്ന് കേന്ദ്രം

ന്യൂഡൽഹി: ജനാധിപത്യതത്ത്വങ്ങൾക്കെതിരായാണ് പ്രധാനമന്ത്രി പ്രവർത്തിക്കുക എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനാക്കോടതി നീങ്ങരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ.
പ്രധാനമന്ത്രിയും ഭരണകൂടവും ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കുമെന്ന സങ്കല്പത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കാനുള്ള സമിതിയുടെ സാധുത ഇല്ലാതാക്കരുതെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമം ചോദ്യംചെയ്യുന്ന ഹർജികൾ ഭരണഘടനാബെഞ്ചിന് വിടണമോ എന്ന വിഷയം സുപ്രീംകോടതി വിധിപറയാനായി മാറ്റി.
പ്രധാനമന്ത്രിയുടെ ഓഫീസ് ദുരുദ്ദേശ്യപരമായാണ് പ്രവർത്തിക്കുന്നതെങ്കിൽ, മന്ത്രിസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുമ്പോഴും ഏതെങ്കിലും ജഡ്ജിയോടോ പുറത്തുള്ളയാളോടോ അഭിപ്രായംതേടണമെന്ന് വകുപ്പുണ്ടാക്കേണ്ടിവരില്ലേയെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതിയുണ്ടാക്കിയത് അസാധുവാക്കിയാൽ അത് പാർലമെന്റിന്റെ തീരുമാനത്തെ സംശയിക്കലാക്കും. തിരഞ്ഞെടുക്കപ്പെട്ടവർ നയിക്കുന്ന സ്ഥാപനങ്ങളോടുള്ള ഭരണഘടനാപരമായ വിശ്വാസ്യതയെ അവമതിക്കലാകും അതെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ, വിശ്വാസക്കുറവിന്റെ പ്രശ്നമില്ലെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷണർ സ്വതന്ത്രവ്യക്തിയാകണം. ഇപ്പോഴത്തെ സമിതിക്ക് നീതിപൂർവമായി പ്രവർത്തിക്കാനാവില്ലെന്ന് പറയുന്നില്ല. എന്നാൽ, നീതി നടപ്പാക്കിയാൽമാത്രം പോരാ, നടപ്പാക്കിയെന്ന് കാണിക്കുകയും വേണമെന്നത് പ്രധാനമാണെന്ന് കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക് സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. ഇതുസംബന്ധിച്ച് പാർലമെന്റ് നിയമം പാസാക്കുംവരെയാണ് സമിതിയുണ്ടാക്കിയത്. എന്നാൽ, സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം കാബിനറ്റ് പദവിയുള്ള കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടാണ് സർക്കാർ പിന്നീട് നിയമമുണ്ടാക്കിയത്. ഇത് ചോദ്യംചെയ്യുന്ന ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഭരണഘടനാബെഞ്ചിന് വിടേണ്ടതില്ലെന്ന് ഹർജിക്കാർ
വിഷയം ഭരണഘടനാബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ അസോസിയേഷൻ ഫോർ ഡെമക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) ഉൾപ്പെടെയുള്ള ഹർജിക്കാരെല്ലാം എതിർത്തു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്നതിലെ ഭരണഘടനാതത്ത്വങ്ങൾ നേരത്തേത്തന്നെ ഭരണഘടനാബെഞ്ച് വ്യക്തമാക്കിയതാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
ഒട്ടേറെ ദിവസങ്ങൾ വാദംകേട്ടശേഷമാണ് ഭരണഘടനാബെഞ്ചിന് വിടണമെന്ന ആവശ്യം കേന്ദ്രം ഉന്നയിക്കുന്നതെന്ന് മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരി പറഞ്ഞു. നിയമപരമായ എല്ലാ ചോദ്യങ്ങൾക്കും ഭരണഘടനാ വ്യാഖ്യാനത്തിന്റെ ആവശ്യമില്ലെന്ന് അഡ്വ. കാളീശ്വരം രാജും ചൂണ്ടിക്കാട്ടി.
Content Highlights: Central government opposes the assumption that the PM acts against democratic principles., Controversy over replacing the Chief Justice with a Union Minister in the selection committee., Supreme Court emphasizes that justice must not only be done but must also be seen to be done., Petitioners argue against referring the case to a larger constitution bench.