ലാഭമുണ്ടാക്കുന്നതിനായി സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നവർ ഉപഭോക്താക്കളല്ല -സുപ്രീംകോടതി

ന്യൂഡൽഹി: സാധനങ്ങളോ സേവനങ്ങളോ, ലാഭമുണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അത് വാങ്ങിയവർ ഉപഭോക്താക്കളല്ലെന്ന് സുപ്രീംകോടതി. ഇവർക്ക് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നൽകാൻ സാധിക്കില്ലെന്നും ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ച് വിധിച്ചു.
പോളി മെഡിക്യൂർ കമ്പനി അവരുടെ പ്രവർത്തനങ്ങൾക്കായി സോഫ്റ്റ്‌വേർ വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി വിധി. ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ കണ്ടെത്തലാണ് സുപ്രീംകോടതി ശരിവെച്ചത്.
ബിസിനസ് ഇടപാടുകൾക്ക് കമ്പനി സോഫ്റ്റ്‌വേർ വാങ്ങിയത് അവരുടെ വാണിജ്യാവശ്യത്തിനാണെന്നും അതിനാൽ ഉപയോക്താവായി കാണാനാവില്ലെന്നുമാണ് കമ്മിഷനും സുപ്രീംകോടതിയും വ്യക്തമാക്കിയത്. ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ രണ്ടാം (ഒന്ന്)(ഡി) വകുപ്പിൽ ഉപഭോക്താവ് എന്താണെന്ന് നിർവചിച്ചിട്ടുണ്ട്.
അതുപ്രകാരം വാങ്ങിയ സാധനത്തിനോ സേവനത്തിനോ ലാഭമുണ്ടാക്കലുമായി ബന്ധമുണ്ടെങ്കിൽ വാങ്ങിയവരെ ഉപയോക്താവായി കാണാനാവില്ലെന്ന് ജസ്റ്റിസ് മനോജ് മിശ്രകൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. സോഫ്റ്റ്‌വേർ നൽകിയ ബ്രില്ലിയോ ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന്റെ സേവനത്തിൽ പോരായ്മകളുണ്ടെന്ന് കാട്ടിയാണ് പോളി മെഡിക്യൂർ പരാതി നൽകിയത്. മുഴുവൻ പണവും നൽകിയിട്ടും സോഫ്റ്റ്‌വേർ ശരിയായി പ്രവർത്തിച്ചില്ലെന്നാണ് കമ്പനിയുടെ ആരോപണം. തങ്ങൾക്ക് ചെലവായ പണം 18 ശതമാനം പലിശസഹിതം നൽകണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.
Content Highlights: Supreme Court rules businesses buying goods/services for profit are not consumers and can`t file complaints under Consumer Protection Act.