'മോദിയിലും ബിജെപിയിലും വിശ്വസിക്കുന്നു'; തിരഞ്ഞെടുപ്പിന് മുമ്പേ ബിജെപിക്ക് പിന്തുണയുമായി സുമലത

സുമലത |ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി
സുമലത |ഫോട്ടോ: പി.ജി.ഉണ്ണികൃഷ്ണന്‍/ മാതൃഭൂമി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ബി.ജെ.പിക്കുമാണ് തന്റെ പിന്തുണയെന്ന് നടിയും മണ്ഡ്യ എം.പിയുമായ സുമലത അംബരീഷ്. മണ്ഡ്യയുടെ വികസനത്തിനായി ബി.ജെ.പി തന്നോടൊപ്പം സഹകരിക്കുമെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുമലതയുടെ പ്രസ്താവന. വെള്ളിയാഴ്ച തന്റ വീട്ടില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

മണ്ഡ്യയുടെ വികസനമല്ലാതെ മറ്റൊന്നും ബി.ജെ.പിയെ പിന്തുണയ്ക്കുന്നതിലൂടെ ലക്ഷ്യം വയ്ക്കുന്നില്ല. എന്നാല്‍ നിലവില്‍ താന്‍ ബിജെപിയിൽ അംഗത്വം സ്വീകരിക്കുന്നില്ല. മണ്ഡലത്തിന്റെ വികസനങ്ങള്‍ക്ക് ബി.ജെ.പി പൂര്‍ണപിന്തുണ നല്‍കുമെന്ന് തനിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ മാറ്റം അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി. 

ബെംഗളൂരു-മൈസൂരു പത്തുവരി പാത മണ്ഡ്യയില്‍ മാര്‍ച്ച് 12-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. മറ്റ് ഏത് സ്ഥലം വേണമെങ്കിലും അദ്ദേഹത്തിന് ഉദ്ഘാടനത്തിന് വേണ്ടി തിരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം മണ്ഡ്യ തന്നെ തിരഞ്ഞെടുത്തു. ഇത് മണ്ഡലത്തിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ കരുതലാണെന്നും സുമലത കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ മണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര എം.പിയാണ് സുമലത. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹത്തിനിടയിലാണ് ഇപ്പോഴത്തെ പ്രസ്താവന.

Content Highlights: Sumalatha Ambareesh announces support for BJP