പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം

ആക്രമണത്തില്‍ പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയിലെത്തിക്കുന്നു, സുഖ്ബീര്‍ സിങ് ബാദല്‍
ആക്രമണത്തില്‍ പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയിലെത്തിക്കുന്നു, സുഖ്ബീര്‍ സിങ് ബാദല്‍

മുംബൈ: പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം. മഹാരാഷ്ട്രയിലെ നാന്ദേത് ഗുരുദ്വാരയ്ക്ക് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായത്. നിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. 

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബാദൽ ഗുരുദ്വാരയിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ഒരാൾ അദ്ദേഹത്തിന്റെ അരികിലെത്തി കുത്താൻ ശ്രമിച്ചു. തുടർന്നുണ്ടായ പിടിവലിയിൽ പോലീസ് ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെട്ടെങ്കിലും ബാദലിന് പരിക്കേറ്റു.

സംഭവത്തെത്തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Content Highlights: Sukhbir Singh Badal was attacked near Takht Sri Hazur Sahib in Nanded., The incident occurred close to the Nanded Mata Sahib Gurudwara in Maharashtra., Badal serves as the Shiromani Akali Dal chief and is a former Punjab Deputy Chief Minister.