വിജയ്ക്ക് ചെക്ക് വെച്ച് സ്റ്റാലിൻ, ന്യൂ ജെൻ ആകാൻ DMK; ഉദയനിധി സ്റ്റാലിനിലൂടെ 2009 ആവർത്തിക്കുമ്പോൾ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം. കരുണാനിധി 2009- മേയ് 29-നാണ് തമിഴ്നാട് ഉപമുഖ്യമന്ത്രിയായി മകൻ എം.കെ. സ്റ്റാലിനെ നിയമിക്കുന്നത്. സമാനമായി മറ്റൊരു ചരിത്രനിമിഷത്തിനാണ് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. കരുണാനിധിയുടെ പാതയിൽ കൂടി എം.കെ. സ്റ്റാലിനും സഞ്ചരിക്കുകയാണ്. മകൻ ഉദനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിയമിച്ചു കൊണ്ടാണ് എം.കെ. സ്റ്റാലിൻ ചരിത്രം ആവർത്തിച്ചത്. യുവാക്കളെ പാർട്ടിയിലേക്ക് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യവും ഉദയനിധി സ്റ്റാലിന്റെ സ്ഥാനക്കയറ്റത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നുണ്ടെന്ന് വേണം കരുതാൻ.
വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലേക്കെത്തിയ ഉദയനിധി സ്റ്റാലിൻ വൈകാതെ തന്നെ മന്ത്രിസഭയിൽ എത്തുകയും മൂന്നുവർഷത്തിനുള്ളിൽ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുകയുമായിരുന്നു. സ്റ്റാലിന്റെ മുഖ്യമന്ത്രി സ്ഥാനം വൈകിയതു പോലെ മകന്റെ രാഷ്ട്രീയപ്രവേശം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേരം വൈകിക്കൂടാ എന്ന കുടുംബ നിശ്ചയവും ഇതിന് പിന്നിലുണ്ടെന്ന് വേണം കരുതാൻ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഡി.എം.കെയിൽ ഇത് നാലാമത്തെ സ്ഥാനക്കയറ്റമാണ് ഉദയനിധിയ്ക്ക്. 2019-ലാണ് ഡി.എം.കെയുടെ യൂത്ത് വിങ് സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിന് പിന്നാലെ 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെപ്പോക്ക് മണ്ഡലത്തിലെ സ്ഥാനാർഥി, ജയിച്ച് എം.എൽ.എയാകുന്നു. 2022-ലാണ് മന്ത്രിസഭയിൽ എത്തുന്നത്. ആദ്യം തന്നെ മന്ത്രിസഭയിലേക്ക് ഉദയനിധിയെ ഉയർത്തിക്കൊണ്ടുവരുന്നതിൽ സ്റ്റാലിന്റെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട് കുറച്ചു കാലം കാത്തിരുന്ന ശേഷം മന്ത്രിസഭയിലേക്ക് ഉദയനിധിയെ ഉയർത്തിക്കൊണ്ടു വന്നത്. കായിക വകുപ്പായിരുന്നു ഉദയനിധിക്ക് നൽകിയിരുന്നത്. ഏറെ വൈകാതെ തന്നെ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കും സ്റ്റാലിൻ നിയോഗിക്കപ്പെടുന്ന കാഴ്ചയായിരുന്നു തമിഴ്നാട്ടിൽ നിന്ന് കണ്ടത്.
കായിമന്ത്രിയായിരിക്കെ മികച്ച പ്രകടനമാണ് ഉദയനിധി സ്റ്റാലിൻ കാഴ്ചവെച്ചത്. ലോക ചെസ് ഒളിംപ്യാഡ്, ഏഷ്യൻ ഹോക്കി ചാംപ്യൻ ഷിപ്പ്, ഫോർമുല 4 കാറോട്ടം, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉൾപ്പെടെയുള്ളവ ചെന്നൈയിലെത്തിയത് ഉദയനിധി സ്റ്റാലിന്റെ എടുത്തു പറയാവുന്ന പ്രവർത്തനങ്ങളായി മാറി. പരിചയ സമ്പന്നരായ ഒരു കൂട്ടം മുതിർന്ന ഉദ്യോഗസ്ഥവൃന്ദം ഉദയനിധിസ്റ്റാലിന്റെ ചുറ്റുവട്ടത്ത് ഉണ്ടായത് ഏറെ ഗുണം ചെയ്തു. ഇടക്കാലത്ത് അദ്ദേഹത്തിനെതിരേ ഉയർന്നു വന്ന രാഷ്ട്രീയ വിവാദം ഏറെ തന്മയത്വത്തോടെയായിരുന്നു കൈകാര്യം ചെയ്തത്. സനാതനധർമ്മ വിവാദത്തിൽ താൻ പറഞ്ഞ നിലപാടിൽ നിന്ന് അണുവിട മാറാതെ നിയമത്തിന്റെ സഹായത്തോടെ പോരാടുകയായിരുന്നു. ഇത് പാർട്ടിക്കുള്ളിലും ജനങ്ങൾക്കിടയിൽ നിന്നും ഏറെ പ്രശംസ പിടിച്ചു പറ്റാനിടയായി.
അർഹമായ സ്ഥാനം തന്നെയാണ് ഉദയനിധിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും മിന്നുന്ന ജയം നേടാൻ ഉദയനിധി സ്റ്റാലിൻ മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു.
പാർട്ടി പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ഏറെ സ്വീകാര്യനാണ് ഉദനിധി. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ രംഗത്ത് ശക്തമായ പ്രവർത്തനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇപ്പോൾ ഉദയനിധിക്ക് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വഴിതുറന്നത് എന്നും പറയാം. ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണങ്ങളിലെ വേറിട്ട പ്രവർത്തനങ്ങൾ പലപ്പോഴും പൊതുസമൂഹത്തിൽ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന 2026-ലെ തിരഞ്ഞെടുപ്പിലും ഉദയനിധി സ്റ്റാലിന്റെ ചുമലിലായിരിക്കും പാർട്ടി പ്രചാരണം എന്നത് ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുകയാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിലൂടെ സ്റ്റാലിൻ ചെയ്യുന്നത്.
50-കാരനായ നടൻ വിജയ്, 40-കാരനായ ബി.ജെ.പി. നേതാവ് അണ്ണാമലൈ അടക്കമുള്ളവർ 2026-ലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് നീങ്ങുമ്പോൾ യുവാക്കളേയും മുതിർന്നവരേയും ഒരുപോലെ പാർട്ടിയോടടുപ്പിക്കാൻ സ്റ്റാലിനെപ്പോലെത്തന്നെ മറ്റൊരു താരം വേണമെന്ന തോന്നലിൽ നിന്നാണ് കുടുംബത്തിൽ നിന്ന് തന്നെ, 46-കാരനായ ഉദയനിധി സ്റ്റാലിനെ മുൻനിരയിലേക്ക് എത്തിക്കുന്നതെന്ന് വേണം കരുതാൻ. ഉദയനിധി സ്റ്റാലിന് പുതിയ ഉത്തരവാദിത്വങ്ങൾ നൽകുന്നതോടെ യുവാക്കളുടെ വോട്ടും പാർട്ടിയിലേക്കടുപ്പിക്കാനാണ് ശ്രമം.
മക്കൾ രാഷ്ട്രീയവും താര രാഷ്ട്രീയവും കൊണ്ട് സമ്പുഷ്ടമായ തമിഴ്നാട് രാഷ്ട്രീയക്കളം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനം ആരുടെ കൂടെ നിൽക്കും എന്നാണ് ഇപ്പോൾ രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നത്.
Content Highlights: Stalin son Udhayanidhi appointed deputy CM of Tamil Nadu amid cabinet reshuffle