ഏതു നിമിഷവും ഡൽഹിയിലെത്താൻ എം.പി.മാർക്ക് കോൺഗ്രസ് നോട്ടീസ്; DMK കേന്ദ്രമന്ത്രിസഭയിൽ ചേർന്നേക്കുമെന്ന് ആശങ്ക

ന്യൂഡൽഹി: മണ്ഡല പുനർനിർണയ-വനിതാസംവരണ (ഭരണഘടനാ ഭേദഗതി) ബിൽ പാസാക്കാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചേക്കുമെന്ന സൂചനയ്ക്കിടെ, ഏതു നിമിഷവും ഡൽഹിയിലെത്താൻ സജ്ജരായിരിക്കാൻ കോൺഗ്രസ് എം.പി.മാർക്ക് ഹൈക്കമാൻഡ് നിർദേശം.
അടുത്ത 12 ദിവസത്തേക്ക് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവെക്കാവുന്ന രീതിയിൽ ക്രമീകരിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്ലിന്റെ കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ അടുപ്പക്കാരും തമ്മിൽ മൂന്നുതവണ ചർച്ച നടന്നെന്നാണ് സൂചന. ഡി.എം.കെ. എൻ.ഡി.എ.യോട് അടുത്തുകഴിഞ്ഞതായും സൂചനയുണ്ട്.
രണ്ടുമാസത്തിനുള്ളിൽ കേന്ദ്രമന്ത്രിസഭയിൽ ഡി.എം.കെ. ചേർന്നേക്കുമെന്ന് ഇന്ത്യസഖ്യ നേതാക്കൾതന്നെ ആശങ്ക പങ്കുവെക്കുന്നു. കാബിനറ്റ് പദവികൾ സംബന്ധിച്ച ചർച്ച മാത്രമാണ് ബാക്കിയെന്ന് ഡി.എം.കെ.യോട് അടുപ്പമുള്ള പ്രതിപക്ഷ എം.പി.മാർ പറഞ്ഞു. കഴിഞ്ഞദിവസം ഡൽഹിയിൽ നടന്ന സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പിന്റെ പ്രകാശനച്ചടങ്ങിൽനിന്ന് സ്റ്റാലിൻ വിട്ടുനിന്നത് ഈ അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടുന്നു.
സമ്മേളനം വിളിച്ചാൽ ഇടത് എം.പി.മാരെല്ലാം ആ നിമിഷം ഡൽഹിയിലെത്തുംവിധമാണ് പൊതു പരിപാടികളെല്ലാം ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് സി.പി.എം. രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. 543 അംഗ ലോക്സഭയിൽ മൂന്ന് ഒഴിവുകൾ കഴിഞ്ഞ് നിലവിൽ 540 അംഗങ്ങളാണുള്ളത്. ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 360-361 വോട്ടുകൾ അനിവാര്യമാണ്. കഴിഞ്ഞ ഏപ്രിൽ 17-ന് സമാന ബിൽ 298 വോട്ടുകൾമാത്രം നേടി സഭയിൽ പരാജയപ്പെട്ടിരുന്നു. എന്നാലിപ്പോൾ അംഗബലം 319-320 ആയി ഉയർന്നിട്ടുണ്ട്. കേവലം 40 വോട്ടുകളുടെ കുറവ് മാത്രമുള്ള സാഹചര്യത്തിൽ, 22 എം.പി.മാരുള്ള ഡി.എം.കെ.യുടെയും നിഷ്പക്ഷ കക്ഷികളുടെയും പിന്തുണ ഉറപ്പാക്കിയാൽ 15 മുതൽ 18 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിൽ പാസാക്കാമെന്നാണ് സർക്കാർ വൃത്തങ്ങളുടെ കണക്കുകൂട്ടൽ.
Content Highlights: Congress high command directed MPs to stay ready to reach Delhi for a potential special Parliament session., The session is reportedly being called to pass the Constituency Delimitation and Women's Reservation Bill., Rumors suggest DMK may join the NDA cabinet, boosting the government's numbers for the constitutional amendment., The bill requires a two-thirds majority (360-361 votes), and the government is actively securing numbers.