'ഗൗരവകരം'; സൊഹ്‌റാബുദ്ദീൻ കേസിൽ സുപ്രീംകോടതിയുടെ നോട്ടീസ്, അമിത് ഷായെ കുറ്റവിമുക്തനാക്കിയത് പുനഃപരിശോധിക്കില്ല

ന്യൂഡൽഹി: ഗുജറാത്ത് പോലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്റാബുദ്ദീൻ ഷെയ്ഖ്, ഭാര്യ കൗസർ ബി, സഹായി തുൾസിറാം പ്രജാപതി എന്നിവരെ കൊലപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ, 21 പോലീസ് ഉദ്യോഗസ്ഥരടക്കം 22 പ്രതികളെയും വെറുതെവിട്ടതിനെതിരെ നൽകിയ അപ്പീലിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് അപ്പീൽ ഹർജി പരിഗണിച്ചത്. കേസ് അന്വേഷിച്ച സിബിഐയോടും കുറ്റവിമുക്തരാക്കപ്പെട്ട 22 പേരോടുമാണ് മറുപടി തേടിയത്. ഈ കേസിൽനിന്ന് 2014-ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഒഴിവാക്കിയ നടപടി പുനഃപരിശോധിക്കില്ലെന്ന് കോടതി പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു.
വിചാരണയ്ക്കിടെ 92 സാക്ഷികൾ കൂറുമാറിയ സംഭവത്തിൽ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തി. '92 സാക്ഷികൾ കൂറുമാറിയത് ഗൗരവകരവും ആശങ്ക ഉയർത്തുന്നതുമാണ്. നീതിയുക്തവും ന്യായവുമായ വിചാരണയാണോ നടന്നത് എന്നത് പരിഗണിക്കേണ്ടതുണ്ട്', ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. ചില സാക്ഷികളുടെ മൊഴികൾ പരിശോധിക്കാൻ ബെഞ്ച് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസും സമാനമായ അഭിപ്രായപ്രകടനം നടത്തി.
വ്യാജ ഏറ്റുമുട്ടൽ നടത്തി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളെല്ലാം കുറ്റവിമുക്തരാക്കപ്പെട്ട നടപടി ശരിവെച്ചുകൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ മെയ് ഏഴിലെ വിധിക്കെതിരെ, സോഹ്റാബുദ്ദീൻ ഷെയ്ഖിന്റെ സഹോദരൻ റുബാബുദ്ദീൻ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
2005 നവംബർ 23-ന് വാണ്ടഡ് ക്രിമിനലായ സൊഹ്റാബുദ്ദീൻ ഷെയ്ഖിനെ ഹൈദരാബാദിൽനിന്ന് സാംഗ്ലിയിലേക്ക് പോവുകയായിരുന്ന ആഡംബര ബസിൽവെച്ച് കൗസർ ബിക്കും പ്രജാപതിക്കുമൊപ്പം തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയും പ്രജാപതിയെയും പിന്നീട് വ്യാജ ഏറ്റുമുട്ടൽ നടത്തി കൊലപ്പെടുത്തിയെന്നും കൗസർ ബിയെ കൊലപ്പെടുത്തി മൃതദേഹം രഹസ്യമായി സംസ്കരിക്കുകയാണുണ്ടായതെന്നും സി.ബി.ഐ വാദിച്ചു.
ഗുജറാത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, 2012-ൽ സി.ബി.ഐയുടെ ആവശ്യപ്രകാരം സുപ്രീം കോടതി കേസ് മുംബൈയിലേക്ക് മാറ്റി. വിചാരണയ്ക്കിടെ 2014-ൽ മരണപ്പെട്ട ജഡ്ജി ബി.എച്ച്. ലോയ, 2014 ഡിസംബറിൽ അമിത് ഷായെ കേസിൽനിന്ന് ഒഴിവാക്കിയ ജഡ്ജി എം.ബി. ഗോസാവി ഉൾപ്പെടെയുള്ള നിരവധി ജഡ്ജിമാരുടെ മുമ്പാകെ കേസെത്തി. കേസിൽനിന്ന് അമിത് ഷായെ ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതിയും പിന്നീട് സുപ്രീം കോടതിയും ശരിവെച്ചു.
അമിത് ഷായുടെ വിടുതലിനെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി ഹൈക്കോടതി ഈ വർഷം മെയ് ഏഴിന് വീണ്ടും തള്ളിക്കളഞ്ഞിരുന്നു. ഈ വിഷയത്തിലുള്ള ഹൈക്കോടതിയുടെ കണ്ടെത്തലുകൾ പുനഃപരിശോധിക്കാൻ താൽപ്പര്യമില്ലെന്നാണ് ഇപ്പോൾ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
ഗുജറാത്ത്, രാജസ്ഥാൻ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള, നിലവിൽ സേവനത്തിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള 22 പ്രതികളെയും പ്രത്യേക സി.ബി.ഐ ജഡ്ജി എസ്.ജെ ശർമ്മ 2018 ഡിസംബർ 21-നാണ് വെറുതെവിട്ടത്. 210 സാക്ഷികളെ വിസ്തരിച്ചെങ്കിലും അവരിൽ 92 പേർ കൂറുമാറിയതോടെ പ്രോസിക്യൂഷന്റെ വാദങ്ങൾക്ക് ബലം നഷ്ടപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടുള്ള അനുഭാവം വിചാരണാ കോടതി ജഡ്ജി പ്രകടിപ്പിച്ചെങ്കിലും, കൃത്യമായ തെളിവുകളുടെ കുറവ് ചൂണ്ടിക്കാണിക്കുകയുണ്ടായി. കേവലം ധാർമികതയുടെയോ സംശയത്തിന്റെയോ അടിസ്ഥാനത്തിൽമാത്രം പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
തുടർന്ന്, സൊഹ്റാബുദ്ദീൻ ഷെയ്ഖിന്റെ സഹോദരന്മാരായ റുബാബുദ്ദീനും നയാബുദ്ദീനും 2019-ൽ ഫയൽ ചെയ്ത അപ്പീലിലൂടെ വിചാരണാ കോടതിയുടെ വിധി ഹൈക്കോടതിയിൽ ചോദ്യംചെയ്തു. എന്നാൽ, വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ സിബിഐ അപ്പീലിലൂടെ ഇതിനെ ചോദ്യംചെയ്യുന്നില്ലെന്നും ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി 2025-ൽ വിധി പറയാനായി മാറ്റുകയും ഈ വർഷം മെയ് മാസത്തിൽ ഹൈക്കോടതി വിചാരണാ കോടതിയുടെ വെറുതെവിടൽ വിധി ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയാണ് റുബാബുദ്ദീൻ സുപ്രീം കോടതിയെ സമീപിച്ചത്.
റുബാബുദ്ദീനുവേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡുവാണ് ഹാജരായത്. ഇതൊരു 'വ്യാജ ഏറ്റുമുട്ടൽ' കേസാണെന്നും ഹർജിക്കാരന്റെ സഹോദരനും സഹോദരന്റെ ഭാര്യയും സുഹൃത്തും 'യാതൊരു ദാക്ഷിണ്യവുമില്ലാത്ത കൊലപാതകത്തിന്' ഇരകളായെന്നും വാദിച്ചു.
സൊഹ്റാബുദ്ദീൻ ഹൈദരാബാദിൽനിന്ന് ബസിൽ യാത്രചെയ്യവെ യൂണിഫോമിൽ അല്ലാതെ എത്തിയ പോലീസ് ഉദ്യോഗസ്ഥർ പിടികൂടുകയും പിന്നീട് ഏറ്റുമുട്ടലിൽ വധിക്കുകയുമായിരുന്നുവെന്നും നായിഡു കോടതിയിൽ പറഞ്ഞു. 2010 മുതൽ ഹർജിക്കാരൻ ഈ വിഷയം പിന്തുടരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് കേസ് സി.ബി.ഐക്ക് കൈമാറിയതെന്നും നായിഡു വ്യക്തമാക്കി. സാക്ഷികൾ കൂറുമാറിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ വെറുതെവിട്ടതെന്നും, അതിനാൽ ഈ വിഷയം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുറ്റവിമുക്തരാക്കപ്പെട്ടവരിൽ ചിലർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് വാദിച്ചത്, വിചാരണക്കോടതിയും ഹൈക്കോടതിയും ഒരേപോലെ ശരിവെച്ചതും കൃത്യമായ ന്യായങ്ങളുള്ളതുമായ കണ്ടെത്തലുകളാണ് ഈ കേസിലുള്ളതെന്നും അവയിൽ മാറ്റം വരുത്താൻ പാടില്ലെന്നും വാദിച്ചു. 'ആരുടെയും അവകാശങ്ങളെ ഹനിക്കാത്ത തരത്തിലുള്ള നീതിയുക്തമായ വിചാരണയാണ് നടന്നത്' എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ നീതിയുക്തമായ വിചാരണയാണ് നടന്നതെന്ന് ഉറപ്പുവരുത്തുന്നതിനായി സാക്ഷിമൊഴികൾ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. ഈ കേസിലെ സാക്ഷികൾ കൂട്ടത്തോടെ കൂറുമാറിയതായി കാണപ്പെടുന്ന സാഹചര്യത്തിൽ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു.
'സാക്ഷികളെല്ലാം കൂട്ടത്തോടെ കൂറുമാറിയ സാഹചര്യത്തിൽ, ഞങ്ങളുടെ മനഃസാക്ഷിയെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് കഴിയണം. ഞങ്ങൾ ഇതിൽ നോട്ടീസ് അയക്കാൻ ആഗ്രഹിക്കുന്നു; ചില സാക്ഷികളുടെ മൊഴികൾ പരിശോധിക്കണം... കാര്യങ്ങൾ സ്വയം ബോധ്യപ്പെടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു', ചീഫ് ജസ്റ്റിസ് സൂര്യ കാന്തും പറഞ്ഞു.
Content Highlights: Supreme Court issued notice on the appeal challenging the acquittal of 22 accused, including 21 police officers, in the Sohrabuddin Sheikh fake encounter case., The bench expressed serious concern over 92 witnesses turning hostile during the trial., The court stated it will not reconsider the 2014 clean chit given to Union Home Minister Amit Shah., The appeal was filed by Rubabuddin Sheikh against the Bombay High Court's May ruling.