'മോദിയുടെ വിരമിക്കൽ'; ദളിത് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കാൻ ബിജെപിക്കിത് സുവര്‍ണ്ണാവസരം- സിദ്ധരാമയ്യ

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI

ബെംഗളൂരു: അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഒരു ദളിതനെ നാമനിര്‍ദേശം ചെയ്യാന്‍ ബിജെപിയെ വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രായപരിധി സംബന്ധിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സമീപകാല പ്രസ്താവന മോദിയുടെ വിരമിക്കല്‍ സൂചനയാണെന്ന്  ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി. ഒരു ദളിതനെ പ്രധാനമന്ത്രിയാക്കാന്‍ ബിജെപിക്കുള്ള സുവര്‍ണ്ണാവസരമാണിതെന്നും സിദ്ധരാമയ്യ പറയുകയുണ്ടായി. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്, 75 വയസ്സായ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിരമിക്കലിന് ഇതിനോടകം സൂചന നല്‍കിക്കഴിഞ്ഞു. ഒരു ദളിതനെ അടുത്ത പ്രധാനമന്ത്രിയാക്കാനുള്ള ബിജെപിയുടെ സുവര്‍ണ്ണാവസരമാണിത്. മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കുന്നതിന് പകരം നിങ്ങളില്‍ നിന്ന് തന്നെ അത് ആരംഭിക്കട്ടെ, എന്തുകൊണ്ട് നിങ്ങള്‍ ഒരു ദളിത് നേതാവിനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുന്നില്ല? അത് ഗോവിന്ദ് കര്‍ജോളോ ചലവാദി നാരായണസ്വാമിയോ ആകട്ടെ, അവരുടെ പേരുകള്‍ നിങ്ങള്‍ നിര്‍ദ്ദേശിക്കുകയാണെങ്കില്‍, നിങ്ങളെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കും' സിദ്ധരാമയ്യ വ്യക്തമാക്കി.

ബിജെപി കര്‍ണാടക അധ്യക്ഷന്‍ വിജയേന്ദ്രയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. കോണ്‍ഗ്രസ് ദളിതര്‍ക്കൊപ്പം നില്‍ക്കുന്നുവെങ്കില്‍, ഖാര്‍ഗെയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

എക്‌സിലൂടെ വിജയേന്ദ്രയ്‌ക്കെതിരെ സിദ്ധരാമയ്യ ആഞ്ഞടിച്ചു. താന്‍ ഇരിക്കുന്ന കസേരയുടെ ഭദ്രത ഉറപ്പാക്കാന്‍ പോലും കഴിയാത്തയാളാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. അത്തരത്തിലുള്ള ഒരാളാണ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന് ഉപദേശിക്കാന്‍ വരുന്നത്.  'ഇത് അദ്ദേഹത്തിന്റെ അജ്ഞതയുടെയും ആത്മവഞ്ചനയുടെയും പ്രകടനം മാത്രമല്ല, അഹങ്കാരത്തിന്റെ പ്രദര്‍ശനം കൂടിയാണ്' കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി അവരുടെ ദളിത് നേതാക്കളെ പീഡിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ഉയര്‍ത്തിയ ദളിത് നേതാവായിരുന്നു ബംഗാരു ലക്ഷ്മണ്‍. എന്നാല്‍ പിന്നീട് അഴിമതിയാരോപണങ്ങള്‍ ചുമത്തി അദ്ദേഹത്തെ അപമാനിച്ച് ജയിലിലടച്ചു. ഈ അപമാനമാണ് ഒടുവില്‍ അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചത്' സിദ്ധരാമയ്യ പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പേര് ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി ഒരിക്കലും മടിക്കാറില്ല. എന്നാല്‍ അതേ ബി.ജെ.പി എന്തുകൊണ്ടാണ് അവരെ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാത്തത്? എ.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയതിനെക്കുറിച്ച് പാര്‍ട്ടി വീമ്പ് പറയുന്നുണ്ട്. എന്നാല്‍, നിലവിലെ ലോക്സഭയില്‍ ബിജെപിക്ക് ഒരു മുസ്ലീം എം.പി പോലുമില്ലാത്തത് എന്തുകൊണ്ടാണെന്ന് വിജയേന്ദ്രയ്ക്ക് ഉത്തരം നല്‍കാനാകുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

പിന്നോക്ക വിഭാഗ നേതാക്കളെ ബി.ജെ.പി ആസൂത്രിതമായി തകര്‍ക്കുകയാണെന്നെന്നും അദ്ദേഹം ആരോപിച്ചു. 'പ്രമുഖ പിന്നോക്ക വിഭാഗ നേതാവായിരുന്ന എസ്. ബംഗാരപ്പയെ രാഷ്ട്രീയമായി അവസാനിപ്പിച്ചത് താങ്കളുടെ പിതാവായ ബി.എസ്. യെദിയൂരപ്പയാണ്. ഇപ്പോള്‍, മിസ്റ്റര്‍ വിജയേന്ദ്ര, താങ്കള്‍ അദ്ദേഹത്തിന്റെ മകന്‍ കുമാര്‍ ബംഗാരപ്പയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. അച്ഛനും മകനും ഇത് അവരുടെ കുടുംബദൗത്യമാക്കി മാറ്റിയിരിക്കുകയാണ്. ബംഗാരപ്പയായാലും നരേന്ദ്ര മോദിയായാലും, ജാതീയമായ ഹിന്ദുത്വ അജണ്ടയ്ക്ക് വിധേയരായിരിക്കുന്നിടത്തോളം കാലം മാത്രമേ ബിജെപിയില്‍ അവര്‍ക്ക് നിലനില്‍പ്പുള്ളൂ. ഈ അസുഖകരമായ സത്യം മിസ്റ്റര്‍ മോദിക്കും അറിയാമായിരിക്കും' സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിന്ന് ഒരു ദളിത് നേതാവിനെ ആ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യാനും സിദ്ധരാമയ്യ വിജയേന്ദ്രയെ വെല്ലുവിളിച്ചു. 'ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും അന്തസ്സിനെക്കുറിച്ച് നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി ആശങ്കയുണ്ടെങ്കില്‍, എന്തുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് അത് ഒരു ദളിത് നേതാവിന് നല്‍കിക്കൂടാ? ഒരു പേര് കണ്ടെത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍, ഞാന്‍ ഒരു പേര് നിര്‍ദ്ദേശിക്കാം, ഗോവിന്ദ് കാര്‍ജോള്‍. അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ട് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും, അദ്ദേഹം അടിസ്ഥാനപരമായി ഒരു മാന്യനാണെന്ന്. നിങ്ങള്‍ക്കോ നിങ്ങളുടെ പാര്‍ട്ടിക്കോ ധൈര്യവും ആര്‍ജ്ജവവുമുണ്ടെങ്കില്‍, കാര്‍ജോളിനെ ബിജെപി സംസ്ഥാന അധ്യക്ഷനായും കര്‍ണാടകയിലെ നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിക്കുക' സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.

Content Highlights: Karnataka CM Siddaramaiah challenges BJP to name a Dalit as PM candidate