മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിന് ഞങ്ങള്‍ വിലകൊടുക്കേണ്ടി വന്നു -ശിവസേന നേതാവ്

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജത്തിന് പിന്നാലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന ഉദ്ധവ് വിഭാഗം. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിന് വില കൊടുക്കേണ്ടി വന്നത് തങ്ങളും കൂടിയാണെന്നായിരുന്നു ശിവസേന നേതാവിന്റെ വിമര്‍ശനം. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിയിരുന്നതെന്നും ശിവസേന നേതാവ് അംമ്പാദാസ് ദന്‍വെ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഹരിയാണയിലെയും ജമ്മു കശ്മീരിലെയും പോലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് അമിത ആത്മവിശ്വാസത്തിലായിരുന്നു. സീറ്റ് വിഭജന സമയത്തുപോലും കോണ്‍ഗ്രസിന്റെ മനോഭാവം സഖ്യകക്ഷികളെ ഉള്‍പ്പെടെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്നും ദന്‍വെ കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പുതന്നെ അവര്‍ സ്യൂട്ടും ടൈയും ഒരുക്കിയിരിക്കുകയായിരുന്നുവെന്ന് ശിവസേന കോണ്‍ഗ്രസിനെ പരിഹസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 13 സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. സഖ്യത്തിലെ ഏറ്റവും കൂടുതൽ സീറ്റുകളിൽ വിജയിച്ചത് അന്ന് കോൺഗ്രസായിരുന്നു. അതുകൊണ്ടുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാവ് നാനാ പട്ടോളെ ഉള്‍പ്പെടെയുള്ളവര്‍ വലിയ വിലപേശലായിരുന്നു നടത്തിയത്. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലേക്കും ഒറ്റയ്ക്ക് മത്സരിക്കാന്‍ സാധിക്കുന്ന തരത്തിലേക്ക് തങ്ങള്‍ വളരുമെന്നും ശിവസേന നേതാവ് പറഞ്ഞു.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുണ്ടാകുന്ന കാലതാമസത്തെയും മുന്‍ മുഖ്യമന്ത്രി ഷിന്ദേയെയും അദ്ദേഹം വിമര്‍ശിച്ചു. ബി.ജെ.പിക്ക് പല സംസ്ഥാനങ്ങളിലും നിരവധി ഷിന്ദേമാരുണ്ട്. അവര്‍ ഇത്തരക്കാരെ ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്യുമെന്നാണ് ദന്‍വെ അഭിപ്രായപ്പെട്ടത്.
നിയമസഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയില്‍ 103 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചിരുന്നെങ്കിലും കേവലം 16 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. അതേസമയം, 89 സീറ്റുകളില്‍ മത്സരിച്ച ശിവസേന ഉദ്ധവ് പക്ഷം 20 സീറ്റുകളില്‍ വിജയിച്ചു. മൂന്നാം കക്ഷിയായ എന്‍.സി.പി. 87 സീറ്റുകളിലാണ് മത്സരിച്ചത്. ഇവര്‍ 10 സീറ്റുകളിലും വിജയിച്ചിരുന്നു.
288 അംഗ നിയമസഭയില്‍ 230 സീറ്റുകള്‍ നേടിയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം നേടിയത്. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചത് കൊണ്ടുതന്നെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടാണ് ബി.ജെ.പി. സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരാകുമെന്നതിൽ പ്രധാനമന്ത്രിയുടെ തീരുമാനം അംഗീകരിക്കുമെന്ന് ഷിന്ദേയും വ്യക്തമാക്കിയിരുന്നു.
Content Highlights: Shiv Sena Criticizes Congress After Maharashtra Election Loss