രാജരാജേശ്വര ക്ഷേത്രത്തിലല്ല, 15 കിലോമീറ്റർ അകലെയാണ് ശത്രുസംഹാരപൂജ നടന്നത്, വാക്കുകൾ വളച്ചൊടിച്ചു -DK

1. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, 2. ഡി.കെ. ശിവകുമാർ | ഫോട്ടോ: 1. പ്രസൂൺ കിരൺ / മാതൃഭൂമി, 2. Press Trust of India
1. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, 2. ഡി.കെ. ശിവകുമാർ | ഫോട്ടോ: 1. പ്രസൂൺ കിരൺ / മാതൃഭൂമി, 2. Press Trust of India

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനും തനിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തില്‍ മന്ത്രവാദവും മൃഗബലിയും നടന്നുവെന്ന ആരോപണത്തില്‍ വ്യക്തത വരുത്തി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ശത്രുസംഹാരപൂജ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ നടന്നുവെന്നല്ല താന്‍ പറഞ്ഞത്, മറിച്ച് ക്ഷേത്രത്തിന് 15 കിലോമീറ്ററോളം അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു ഡി.കെയുടെ പ്രതികരണം. 

'ദേവി രാജരാജേശ്വരിയുടെ വലിയ ഭക്തനാണ് ഞാന്‍. 'ശത്രുസംഹാരപൂജ' നടന്നത് രാജരാജേശ്വരക്ഷേത്രത്തില്‍ അല്ല എന്ന് എനിക്കറിയാം. എന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അതിനാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്ഥലത്ത് നടന്ന പൂജയെ കുറിച്ചാണ് ഞാന്‍ പറഞ്ഞത്.' -ഡി.കെ. ശിവകുമാര്‍ എക്‌സില്‍ കുറിച്ചു. 

'പൂജ നടന്ന സ്ഥലം എവിടെയാണ് എന്ന് കൃത്യമായി മനസിലാകാന്‍ വേണ്ടിയാണ് വേണ്ടിയാണ് ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശം നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തില്‍നിന്ന് അനുഗ്രഹം ലഭിക്കാന്‍ കുറച്ചുകാലം മുമ്പ് എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അതിനാല്‍ എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കരുത് എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.' -ഡി.കെ. പറഞ്ഞു. 

മൃഗങ്ങളെ ബലി നല്‍കുന്നത് ഉള്‍പ്പെടെയുള്ള ശത്രുസംഹാരപൂജയാണ് തനിക്കും സിദ്ധരാമയ്യയ്ക്കുമെതിരെ കേരളത്തില്‍ നടന്നതെന്നാണ് ഡി.കെ. ശിവകുമാര്‍ നേരത്തേ ആരോപിച്ചത്. വിശ്വസിനീയമായ വിവരമാണ് തനിക്ക് ലഭിച്ചത്. 'രാജകണ്ഡക', 'മരണ മോഹന സ്തംഭന' യാഗങ്ങളാണ് നടത്തിയത്. കേരളത്തില്‍ നടക്കുന്ന മന്ത്രവാദ ചടങ്ങുകളേക്കുറിച്ച് അറിയുന്നവരാണ് യാഗങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ സംബന്ധിച്ച വിവരങ്ങള്‍ തങ്ങള്‍ക്ക് നല്‍കിയതെന്നും ഡി.കെ. പറഞ്ഞിരുന്നു. 

'അഘോരികള്‍ നടത്തിയിരുന്ന യാഗങ്ങളാണ് നടന്നത്. 'പഞ്ച ബലി' (അഞ്ച് യാഗങ്ങള്‍) അനുഷ്ഠാനങ്ങള്‍ നടത്തിയിരുന്നതായും ഞങ്ങള്‍ക്ക് വിവരമുണ്ട്. 21 ആടുകള്‍, മൂന്ന് പോത്തുകള്‍, 21 കറുത്ത ചെമ്മരിയാടുകള്‍, അഞ്ച് പന്നികള്‍ എന്നിവയെ ബലി നല്‍കി. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ. നാം വിശ്വസിക്കുന്ന ശക്തികള്‍ നമ്മെ സംരക്ഷിക്കും. വീട്ടില്‍നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഞാന്‍ എപ്പോഴും പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കാറുണ്ട്', ശിവകുമാര്‍ പറഞ്ഞു.

എന്നാല്‍, യാഗം നടത്തിയ ഒരാളുടെയും പേരുവിവരം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. കര്‍ണാടകയിലെ ചില രാഷ്ട്രീയക്കാര്‍ ഇതിന് പിന്നിലുണ്ടെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

ആരാണ് ഈ യാഗങ്ങള്‍ ചെയ്തതെന്ന് തങ്ങള്‍ക്കറിയാം. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ലക്ഷ്യംവെച്ചിരിക്കും. അവര്‍ അത് ചെയ്യട്ടെ. താന്‍ ദൈവത്തില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ, മന്ത്രവാദത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിനെ പ്രതിരോധിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള പൂജയോ യാഗമോ നടത്തിയോ എന്ന ചോദ്യത്തിന്, താന്‍ വീട്ടില്‍നിന്നിറങ്ങുന്നതിന് മുമ്പ് എപ്പോഴും പ്രാര്‍ഥിക്കാറുണ്ടെന്നായിരുന്നു ശിവകുമാറിന്റെ മറുപടി. അത് തനിക്ക് സംരക്ഷണം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Shathrusamhara Pooja' performed not in Taliparamba Rajarajeshwara Temple, clarifies DK Shivakumar