‘പ്രതികരണമില്ലാത്ത സുഹൃത്ത്'; ഒമാൻ തീരത്തെ ആക്രമണത്തിൽ അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ശശി തരൂർ

ന്യൂഡൽഹി: ഒമാൻ തീരത്തിന് സമീപം യു.എസ്. ആക്രമണത്തിനിരയായ കപ്പലിലെ മൂന്ന് ഇന്ത്യൻ ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ അമേരിക്കയുടെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ. ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയായിരുന്നിട്ടും നിരപരാധികളായ ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും തയ്യാറാകാത്ത അമേരിക്കയെ 'പ്രതികരണമില്ലാത്ത സുഹൃത്ത്' എന്നാണ് തരൂർ വിശേഷിപ്പിച്ചത്. സംഘർഷഭരിതമായ ഈ മേഖലയിൽ കപ്പലുകളെ തടയാൻ മാരകമല്ലാത്ത മറ്റ് മാർഗങ്ങൾ എന്തുകൊണ്ട് ഉപയോഗിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
ആക്രമിക്കപ്പെടുമ്പോൾ പലാവു പതാകയുള്ള 'സെറ്റെബെല്ലോ' എന്ന എണ്ണക്കപ്പലിൽ 24 ഇന്ത്യക്കാരും നാല് വിദേശികളുമാണ് ഉണ്ടായിരുന്നത്. ഇതിൽ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേർ മരണപ്പെട്ടു. ഡെക്ക് കെഡേറ്റ് ആദിത്യ ശർമ, എൻജിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ചീഫ് എൻജിനീയർ പട്നാല സുരേഷ് എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇന്ത്യ അമേരിക്കയെ നയതന്ത്രപരമായി പ്രതിഷേധം അറിയിച്ചിരുന്നു. ഇത്തരം നടപടികൾ ന്യായീകരിക്കാനാകാത്തതാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ, യു.എസ്. ഉപരോധം ലംഘിക്കുന്നതും ഹോർമുസ് കടലിടുക്കിലൂടെ അനധികൃതമായി ഇറാനിൽനിന്നുള്ള എണ്ണ കടത്തുന്നതും വെച്ചുപൊറുപ്പിക്കില്ലെന്നാണ് അമേരിക്ക പ്രസ്താവനയിലൂടെ മറുപടി നൽകിയത്. ഹോർമുസ് കടലിടുക്കിൽ സമാധാനവും സുരക്ഷയും നിലനിർത്താൻ ശ്രമിക്കുന്ന യു.എസ്. സേനയുടെ നിർദേശങ്ങൾ എല്ലാ വാണിജ്യ കപ്പലുകളും ഉടൻ പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
നിരപരാധികളായ ഇന്ത്യക്കാരുടെ മരണത്തിൽ ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യു.എസ്. പ്രസ്താവന തന്നെ തീർത്തും ഞെട്ടിച്ചു എന്ന് തരൂർ പറഞ്ഞു. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും എങ്ങനെ ഇത്രയധികം നിസ്സംഗത പുലർത്താൻ കഴിയും? നിർദേശങ്ങൾ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാർഗങ്ങളിലൂടെ എന്തുകൊണ്ട് തടയാൻ കഴിഞ്ഞില്ല? ജീവനക്കാരുടെ ജീവനെടുക്കുന്ന രീതിയിൽ മിസൈലുകൾ വർഷിക്കാതെ, ഒരു കപ്പലിന്റെ പ്രൊപ്പൽഷൻ അല്ലെങ്കിൽ സ്റ്റിയറിങ് സംവിധാനങ്ങൾ മാത്രം പ്രവർത്തനരഹിതമാക്കാൻ കഴിയില്ലേ? അദ്ദേഹം ചോദിച്ചു.
ഗൾഫ് മേഖലയിലൂടെ സഞ്ചരിക്കുന്ന ഭൂരിഭാഗം ചരക്കുകപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ടെന്ന കാര്യം തരൂർ ചൂണ്ടിക്കാട്ടി.
ഇവരെല്ലാവരും യു.എസിന്റെ ആക്രമണ പരിധിയിൽ വരുന്നവരാണോ എന്നും അദ്ദേഹം ചോദിച്ചു. ഈ സമീപനം ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്നും എസ്. ജയശങ്കർ ഇക്കാര്യം മാർക്കോ റൂബിയോയോട് വ്യക്തമായി പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.
Content Highlights: Congress MP Shashi Tharoor has fiercely criticized the United States as an "unresponsive friend" for failing to express regret over the tragic deaths of three Indian crew members killed during a US military strike on an oil tanker near the Oman coast.