രാമന്റെ പേര് നശിപ്പിക്കരുത്; വിബിജിരാം- ജി ബില്ലില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് തരൂര്‍

#ന്യൂസ് ഡെസ്ക്
ശശി തരൂർ | Photo: PTI
ശശി തരൂർ | Photo: PTI

ന്യൂഡല്‍ഹി: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (MGNREGA) മാറ്റി, പകരം വികസിത് ഭാരത് ഗ്യാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ 2025 അഥവാ വിബിജിരാം- ജി ബില്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍ എംപി. പദ്ധതിയില്‍ മഹാത്മ ഗാന്ധിയുടെ പേര് ഒഴിവാക്കി രാമന്‍ (രാം) എന്ന പേര് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത് ആ രണ്ട് വ്യക്തിത്വങ്ങളോടും കാണിക്കുന്ന അനാദരവാണെന്ന് തരൂര്‍ ആരോപിച്ചു.

കിഷോര്‍ കുമാര്‍ ആലപിച്ച 1970-കളിലെ പ്രശസ്തമായ 'രാം കാ നാം ബദ്‌നാം നാ കരോ' എന്ന പ്രശസ്ത ഗാനത്തെ ഉദ്ധരിച്ചായിരുന്നു തരൂരിന്റെ വിമര്‍ശനം. ബില്ലില്‍ ഒന്നിലധികം ഭാഷകള്‍ ഉള്‍പ്പെടുത്തിയതിനെയും തരൂര്‍ എതിര്‍ത്തു. ഭരണഘടന അനുസരിച്ച് ഒരു ഭാഷ മാത്രമേ ഉപയോഗിക്കാവൂ എന്നും ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

'മഹാത്മ ഗാന്ധിയെ സംബന്ധിച്ചിടത്തോളം, ഗ്രാമസ്വരാജും രാമരാജ്യവും ഒന്നാണ്. അതുകൊണ്ടുതന്നെ പദ്ധതിയില്‍നിന്നു മഹാത്മ ഗാന്ധിയുടെ പേര് ഒഴിവാക്കിയത് ശരിയായ നടപടിയല്ല. ഭരണഘടന അനുസരിച്ച് പേരില്‍ ഒരു ഭാഷ മാത്രമേ ഉപയോഗിക്കാവൂ. ഇവിടെ രണ്ട് ഭാഷകള്‍ ഉപയോഗിച്ചതിനാല്‍ ബില്ലിന്റെ പേര് തന്നെ തെറ്റാണ്. 'റാം' എന്ന് ഉള്‍പ്പെടുത്താന്‍ വേണ്ടിയാണ് അവര്‍ അങ്ങനെ ചെയ്തത്. അത് ശരിയല്ല.' തരൂര്‍ പറഞ്ഞു.

'രണ്ട് ഭാഷകളിലായി അവര്‍ ഗ്യാരണ്ടി, റോസ്ഗാര്‍ (തൊഴില്‍), അജീവിക (ജീവിതവൃത്തി) എന്നീ വാക്കുകള്‍ ഉപയോഗിച്ചു, അതിനിടയില്‍ 'ram' കൂടി ഉള്‍പ്പെടുത്തി, അങ്ങനെയാണ് അവര്‍ക്ക് ഇതില്‍ 'രാം' കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞത്. രാമന്റെ പേര് മറ്റ് പല സന്ദര്‍ഭങ്ങളിലും ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, ഇവടെ ഒരു പദ്ധതിയില്‍നിന്നു മഹാത്മ ഗാന്ധിയുടെ പേര് മാറ്റാന്‍, അവര്‍ രാമന്റെ പേര് ഉപയോഗിച്ചു. ഇതിലൂടെ രാമന്റെ പേരാണ് അവര്‍ നശിപ്പിക്കുന്നത്. അത് ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍, അവര്‍ അത് തന്നെ ചെയ്തു.' തരൂര്‍ ആരോപിച്ചു.

തൊഴിലുറപ്പ് പദ്ധതിയുടെ ഒരു ഭാഗം സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനെയും തരൂര്‍ ചോദ്യം ചെയ്തു. 'പുതിയ ഉത്തരവുകള്‍ അനുസരിച്ച് പല സംസ്ഥാനങ്ങള്‍ക്കും വേതനത്തിന്റെ 40% നല്‍കാന്‍ പണമില്ല. കേരളത്തില്‍, സര്‍ക്കാര്‍ തകര്‍ന്ന അവസ്ഥയിലാണ്. സംസ്ഥാനങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ തൊഴിലില്ലായ്മ വര്‍ധിക്കും എന്നാണര്‍ഥം. അതായത്, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങളെക്കുറിച്ച് നന്നായി ചിന്തിച്ചിട്ടില്ലെന്നാണ്. പാര്‍ലമെന്റില്‍ ഇതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നേ മതിയാവൂ.' അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയ മറ്റ് കോണ്‍ഗ്രസ് നേതാക്കളും നിര്‍ദ്ദിഷ്ട നിയമത്തെ വിമര്‍ശിക്കുകയും കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ തൊഴില്‍ പദ്ധതിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെ ആശയങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. 

Content Highlights: Shashi Tharoor criticizes the government`s proposal to rename MGNREGA to VB-G RAM, calling it disrespectful to Mahatma Gandhi and Lord Ram. Learn more about the controversy.