പറക്കുമ്പോൾ ആകാശം നിരീക്ഷിച്ച് പറക്കണം, വേട്ടയാടാൻ കഴുകന്മാരുണ്ടാകും; തരൂരിന് കോൺഗ്രസ് MPയുടെ മറുപടി

ശശി തരൂർ എംപി, മാണിക്കം ടാഗോർ എംപി പങ്കുവെച്ച എക്സ് പോസ്റ്റ് ചിത്രം | Photo: PTI, https://x.com/manickamtagore
ശശി തരൂർ എംപി, മാണിക്കം ടാഗോർ എംപി പങ്കുവെച്ച എക്സ് പോസ്റ്റ് ചിത്രം | Photo: PTI, https://x.com/manickamtagore

ന്യൂഡൽഹി: കോൺഗ്രസിനകത്ത് ദിവസം കഴിയും തോറും ശശി തരൂരിന്റെ ഭാവി കൂടുതൽ സങ്കീർണ്ണമാവുകയാണ്. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടേയും ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെയും പരാമർശത്തിന് പിന്നാലെ പക്ഷിപ്പോസ്റ്റ് ഇട്ട് മറുപടി നൽകിയ തരൂരിനെതിരേ വീണ്ടും കോൺഗ്രസ് രംഗത്ത്. പക്ഷികൾ പറക്കാൻ അനുവാദം ചോദിക്കരുത്, പക്ഷെ ആകാശം നിരീക്ഷിച്ച് പറക്കണമെന്ന് കോൺഗ്രസ് എം.പി. മാണിക്കം ടാഗോർ ട്വീറ്റ് ചെയ്തു. ഇരപിടിയൻ പക്ഷികളുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം തരൂരിനുള്ള മറുപടി നൽകിയത്.

പക്ഷികൾ പറക്കാൻ അനുവാദം ചോദിക്കരുത്. എന്നാൽ  ആകാശം നിരീക്ഷിച്ച് പറക്കണം. കഴുകന്മാരും പരുന്തുകളും വേട്ടയാടാനുണ്ടാകും. ദേശസ്നേഹത്തെ തൂവലായി ധരിക്കുമ്പോൾ സ്വാതന്ത്ര്യം സ്വാതന്ത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം അപകടത്തിലാണ് എന്ന ഹാഷ്ടാഗിൽ ഇരപിടിയൻ പക്ഷികളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. തമിഴ്നാട്ടിലെ വിരുധുനഗറിൽ നിന്നുള്ള കോൺഗ്രസ് എം.പിയാണ് അദ്ദേഹം.

കോൺഗ്രസ് പ്രവർത്തകസമിതി പദവിയിലിരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പ്രകീർത്തിക്കുകയും ലേഖനമെഴുതുകയും ചെയ്യുന്ന ശശി തരൂർ എംപിക്കെതിരേ പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന് രാജ്യമാണ് ആദ്യമെന്നും ചിലർക്ക് മോദി ആദ്യവും രാജ്യം പിന്നെയുമാണെന്നുമായിരുന്നു ഖാർഗെയുടെ വിമർശനം.

എന്നാൽ, ഖാർഗെയുടെ പത്രസമ്മേളനത്തിന് പിന്നാലെ പരോക്ഷ മറുപടിയുമായി വിദേശ സന്ദർശനത്തിനിടയിൽ തരൂരും രംഗത്തെത്തി. ‘‘പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ല’’ എന്ന അടിക്കുറിപ്പോടെ, ഒരു കൊമ്പിലിരിക്കുന്ന കുഞ്ഞുപക്ഷിയുടെ ചിത്രം തരൂർ ‘എക്‌സി’ൽ പോസ്റ്റ്ചെയ്തു.

തരൂർ മോദിയെ പ്രകീർത്തിക്കുന്നകാര്യത്തിൽ അദ്ദേഹത്തോട് അഭിപ്രായം ചോദിക്കണമെന്നായിരുന്നു കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂറുമായുള്ള കാര്യങ്ങളിൽ കോൺഗ്രസിന് വ്യക്തമായ അഭിപ്രായമുണ്ട്. വ്യത്യസ്തമായ അഭിപ്രായം ഉള്ളവരുണ്ടെങ്കിൽ, അവർക്ക് അതിന് സ്വാതന്ത്ര്യമുണ്ടാവും. അവരവരർ പറയുന്നത് എന്താണെന്ന് അവരവർ ചിന്തിക്കേണ്ടതാണെന്ന് കെ.സി വേണു ഗോപാൽ പറഞ്ഞു. 

ഇതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടിക്കുള്ളിൽ തന്നെ തരൂരിനെതിരേ പലരും പരസ്യമായിത്തന്നെ രംഗത്തെത്തുന്നത്. നേരത്തെ തരൂരിനെ വിമർശിച്ചിരുന്ന പല ബിജെപി നേതാക്കളും ഇപ്പോൾ അദ്ദേഹത്തെ പുകഴ്ത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

Content Highlights: Congress MP Shashi Tharoor faces criticism after praising PM Modi