‘വിവാഹം നടന്നതുപോലും പാർട്ടി രാജ്യസഭാംഗമാക്കിയതുകൊണ്ട്’; ഛദ്ദയ്ക്ക് മറുപടിയുമായി എഎപി

ന്യൂഡൽഹി: താൻ ബിജെപിയിലേക്ക് പോകാനുള്ള കാരണം എഎപിയിലെ വിഷലിപ്തമായ തൊഴിൽ അന്തരീക്ഷമാണെന്ന രാഘവ് ഛദ്ദയുടെ പ്രതികരണത്തിന് മറുപടിയുമായി ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്. പാർട്ടി വിട്ടതിനല്ല, പകരം പാർട്ടിക്കെതിരേ ഗൂഢാലോചന നടത്തിയതിനാണ് രാഘവിനെതിരേ വിമർശനം ഉയരുന്നതെന്ന് സൗരഭ് പറഞ്ഞു. രാഘവിന്റെ വിവാഹം നടന്നതുപോലും എഎപി അദ്ദേഹത്തെ രാജ്യസഭാംഗമാക്കിയതിനാലാണെന്നും സൗരഭ് കൂട്ടിച്ചേർത്തു. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് രാഘവിന്റെ ഭാര്യ.
‘നിങ്ങൾക്ക് സകലതും സമ്മാനിച്ച ഒരു പാർട്ടി, നിങ്ങളുടെ വിവാഹം നടന്നതുപോലും ഈ പാർട്ടി നിങ്ങളെ രാജ്യസഭാംഗമാക്കിയതുകൊണ്ടാണ്. അല്ലെങ്കിൽ നിങ്ങളെ ആരും ശ്രദ്ധിക്കുകപോലുമില്ലായിരുന്നു’ എന്നാണ് സൗരഭ് ഭരദ്വാജ് പറഞ്ഞത്. 2023 സെപ്റ്റംബർ മാസത്തിലാണ് പരിനീതിയും രാഘവുമായുള്ള വിവാഹം നടന്നത്. അന്ന് ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഉൾപ്പെടെയുള്ളവർ ഉദയ്പുരിലെ ലേക്ക് പാലസിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തിരുന്നു.
‘നിങ്ങൾ ജോലി രാജിവെക്കുമ്പോൾ, മറ്റൊരു സ്ഥാപനത്തിലേക്ക് മാറുകയാണെന്ന കാര്യം നിലവിൽ ജോലിചെയ്യുന്ന കമ്പനിയെ മുൻകൂട്ടി അറിയിക്കും. നിങ്ങൾ മുൻപ് ജോലിചെയ്ത കമ്പനിക്കെതിരേ ഗൂഢാലോചന നടത്തില്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിങ്ങൾക്കുമേൽ സമ്മർദം കടുപ്പിച്ചപ്പോഴാണ് നിങ്ങൾ ബിജെപിയിൽ ചേരാൻ തീരുമാനിച്ചത്. പക്ഷേ, നിങ്ങൾ ആരോടും പറഞ്ഞില്ല. നിങ്ങൾ ബിജെപിയുമായി ചേർന്ന് ഗൂഢാലോചന നടത്തി’, രാഘവ് ഛദ്ദയ്ക്ക് മറുപടിയായി സൗരഭ് സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു.
ചില ആളുകൾ ബിജെപിയിലേക്ക് പോകാനുള്ള എന്റെ തീരുമാനത്തിന് പിന്നിലെ കാരണം അറിയാൻ താത്പര്യപ്പെടുന്നുണ്ട്. അതിനാൽ ഇന്നത്തെ വീഡിയോ അവർക്കുള്ളതാണ്, എന്നു പറഞ്ഞായിരുന്നു ഛദ്ദയുടെ ഇൻസ്റ്റഗ്രാമിലെ വീഡിയോ ആരംഭിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റ് എന്ന നിലയ്ക്കുള്ള വിജയകരമായ തൊഴിൽമണ്ഡലം വിട്ടാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നത്. എഎപിയുടെ സ്ഥാപകാംഗമായിരുന്ന താൻ യൗവനത്തിലെ 15 കൊല്ലം പാർട്ടിക്കായി നൽകി. രക്തവും വിയർപ്പും കണ്ണീരുമൊഴുക്കി പാർട്ടിക്കുവേണ്ടി കഠിനമായി അധ്വാനിച്ചു. എന്നാൽ, ഇന്ന്ഈ പാർട്ടി പഴയ പാർട്ടി അല്ല. ഈ പാർട്ടിക്ക് വിഷലിപ്തമായ തൊഴിൽ മണ്ഡലമാണുള്ളത്. നിങ്ങളെ കൃത്യമായി പ്രവർത്തിക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ അനുവദിക്കുകയില്ല. പാർലമെന്റിൽ സംസാരിക്കുന്നതിൽനിന്ന് നിങ്ങളെ വിലക്കും, എന്നും രാഘവ് വീഡിയോയിൽ പറയുന്നു.
നിങ്ങളുടെ തൊഴിൽസ്ഥലം വിഷ്ലിപതമായാൽ, അതിന്റെ അന്തരീക്ഷം വിഷമയമായാൽ നിങ്ങളേക്കൊണ്ട്എത്രമാത്രം ജോലി ചെയ്യാനാകും? നിങ്ങൾക്ക് അവിടെ ജോലിചെയ്യാൻ സാധിക്കുമോ?. നിങ്ങളെ അവിടെ തൊഴിൽ ചെയ്യുന്നതിൽനിന്ന് തടഞ്ഞാൽ, നിങ്ങളുടെ കഠിനാധ്വാനത്തെ അടിച്ചമർത്തിയാൽ, നിങ്ങളെ നിശ്ശബ്ദരാക്കിയാൽ പിന്നെ നിങ്ങളെന്ത് ചെയ്യും, രാഘവ് ഛദ്ദ ആരാഞ്ഞു. അത്തരം സന്ദർഭങ്ങളിൽ ആ തൊഴിലിടം വിടുക എന്നതാണ് ശരിയായ തീരുമാനമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞിരുന്നു.
Content Highlights: Saurabh Bharadwaj criticizes Raghav Chadha for conspiring against the AAP after joining BJP., Bharadwaj claims Chadha's Rajya Sabha position facilitated his high-profile marriage to Parineeti Chopra., Chadha alleges a toxic work environment and suppression of freedom within the Aam Aadmi Party., The dispute highlights internal tensions between former AAP members and the party leadership.