ഇത് കാവിയുടെയും ഹിന്ദുത്വയുടേയും വിജയമെന്ന് പ്രജ്ഞാസിങ് ഠാക്കൂര്‍; കോടതിമുറിയില്‍ കരച്ചിൽ

പ്രജ്ഞാസിങ് ഠാക്കൂര്‍ | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ
പ്രജ്ഞാസിങ് ഠാക്കൂര്‍ | ഫയല്‍ചിത്രം | ഫോട്ടോ: പിടിഐ

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കിയ കോടതി വിധിയിലൂടെ കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടതായി ബിജെപി മുന്‍ എംപി പ്രജ്ഞാസിങ് ഠാക്കൂര്‍. ഇന്ന് കാവി വിജയിച്ചു. ഹിന്ദുത്വയുടെ വിജയമാണിത്. കാവിഭീകരതയെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. ഭഗവാനെ അപമാനിച്ചവരെ ദൈവം ശിക്ഷിക്കുമെന്നും കോടതി വിധിക്ക് പിന്നാലെ പ്രജ്ഞാസിങ് ഠാക്കൂര്‍ പറഞ്ഞു. 

കേസിന്റെ പേരില്‍ താന്‍ നേരിട്ട പീഡനങ്ങള്‍ വിവരിച്ച് പ്രജ്ഞാസിങ് ഠാക്കൂര്‍ ജഡ്ജിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തെക്കുറിച്ച് ഏറെ വികാരനിര്‍ഭരമായാണ് പ്രജ്ഞാസിങ് ഠാക്കൂര്‍ കോടതിയില്‍ സംസാരിച്ചത്. വര്‍ഷങ്ങളായി അപമാനം സഹിക്കേണ്ടിവന്നെന്നും നിരപരാധിയായിരുന്നിട്ടും കുറ്റക്കാരിയായി തന്നെ മുദ്രകുത്തിയെന്നും പ്രജ്ഞാസിങ് ഠാക്കൂര്‍ കോടതിയില്‍ പറഞ്ഞു.

''അന്വേഷണത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് എന്നെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എന്നെ ഉപദ്രവിച്ചു. എന്റെ ജീവിതം മുഴുവനും നശിപ്പിച്ചു. ഞാന്‍ ഒരു സന്യാസജീവിതം നയിക്കുന്നയാളാണ്. പക്ഷേ, എന്നെ കുറ്റക്കാരിയാക്കി. ആരും ഞങ്ങള്‍ക്കൊപ്പംനിന്നില്ല. ഒരു സന്യാസി ആയതുകൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ജീവിച്ചിരിക്കുന്നത്. അവര്‍ ഗൂഢാലോചനയിലൂടെ അപമാനിച്ചത് ഭഗവാനെയാണ്. ഇന്ന് ഭഗവാന്‍ ജയിച്ചു. ഹിന്ദുത്വയുടെ വിജയമാണിത്. കുറ്റംചെയ്തവരെ ദൈവം ശിക്ഷിക്കും'', പ്രജ്ഞാസിങ് ഠാക്കൂര്‍ പറഞ്ഞു. 

2008-ലെ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞാസിങ് ഠാക്കൂര്‍ അടക്കമുള്ള ഏഴുപ്രതികളെയും മുംബൈയിലെ എന്‍ഐഎ പ്രത്യേക കോടതി വെറുതേവിട്ടിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാപ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയത്. 

Content Highlights: BJP`s Pragya Thakur acquitted in 2008 Malegaon blast case. Claims victory of Hindutva