പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നു, പക്ഷേ ഭീകരവാദം അവഗണിക്കാനാകില്ല- എസ്. ജയ്ശങ്കർ

ന്യൂഡൽഹി: പാകിസ്താനുമായി നല്ല ബന്ധം ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി ഭീകരവാദത്തെ അവഗണിക്കാനാകില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകൾ മനസ്സിലാക്കാൻ അമേരിക്കയും മറ്റ് രാജ്യങ്ങളും വൈകുന്നത് കാത്തിരിക്കാൻ ഇന്ത്യ തയ്യാറല്ലെന്നും തിരിച്ചടിക്കാനുള്ള ഇച്ഛാശക്തിയാണ് ഏറ്റവും പ്രധാനമെന്നും ജയ്ശങ്കർ പറഞ്ഞു.
എൻഡിടിവിയുടെ വേൾഡ് സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.
ഒരു രാജ്യം പ്രതികരിക്കുമ്പോൾ മാത്രമാണ് ലോകം അത് ശ്രദ്ധിക്കുന്നതെന്നും, ഓപ്പറേഷൻ സിന്ദൂറിലൂടെയും ബാലകോട്ട് വ്യോമാക്രമണത്തിലൂടെയും ഇന്ത്യ അത് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
'ഭീകരവാദത്തിനെതിരെ തിരിച്ചടിക്കാനുള്ള വ്യക്തതയും ബോധ്യവും നിങ്ങൾക്കില്ലെങ്കിൽ, ആ പണി മറ്റാരെങ്കിലും നിങ്ങൾക്കായി ചെയ്തുതരുമെന്ന് കരുതരുത്' എന്നും ജയ്ശങ്കർ പറഞ്ഞു.
തീവ്രവാദം തുടർന്നാൽ കാര്യങ്ങൾ സാധാരണ പോലെ മുന്നോട്ടുപോകില്ല എന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ അടക്കം നൽകിയത്. 'അതായത്, നിങ്ങൾ കുറച്ചുകാലം ഇടവേളയെടുത്ത്, 'ശരി, ഇപ്പോൾ ഏറെക്കാലമായില്ലേ, എനിക്ക് അവരുമായി (പാകിസ്താനുമായി) ചർച്ചകൾ പുനരാരംഭിക്കാം' എന്ന് പറയുന്ന മുൻകാല രീതി ഇനി നടക്കില്ല' എന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തന്നെ മുംബൈയിലേക്ക് വിളിപ്പിച്ചു എന്ന രാഹുലിന്റെ വിശേഷണം തനിക്ക് മനസ്സിലായില്ലെന്നും ജയ്ശങ്കർ പറഞ്ഞു.
കാണാൻ മുംബൈ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി 'വിളിപ്പിച്ചു' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ തനിക്ക് യാതൊരുവിധ കോലാഹലങ്ങളും മനസ്സിലായില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച പറഞ്ഞു.
1972ൽ ഷിംല കരാർ ഒപ്പിടാൻ ഇന്ദിരാഗാന്ധി ഷിംലയിൽ വെച്ച് സുൾഫിക്കർ അലി ഭൂട്ടോയെ കണ്ടതും, മൻമോഹൻ സിങ് സർക്കാരിലെ മന്ത്രിയായിരുന്ന സൽമാൻ ഖുർഷിദ് 2013-ൽ ജയ്പുരിൽ വെച്ച് അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി രാജാ പർവേസ് അഷ്റഫിന് ഉച്ചഭക്ഷണം ഒരുക്കിയതും ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഒരു വിദേശ നേതാവിനെ കാണാൻ ഡൽഹിക്ക് പുറത്തുപോകുന്നത് വിളിപ്പിച്ചു വരുത്തലാണെങ്കിൽ, തനിക്ക് ധാരാളം ഉദാഹരണങ്ങൾ നൽകാൻ കഴിയുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി പറഞ്ഞു.
Content Highlights: India desires good relations with Pakistan but refuses to ignore terrorism., India will not wait for Western countries to understand its security concerns regarding terror., Decisive retaliation, demonstrated through Operation Sindoor and Balakot, is crucial., Past practices of resuming unconditional talks with Pakistan after a hiatus are over.