റോബർട്ട് വദ്രക്ക് ഭൂമി കൈക്കൂലിയായി ലഭിച്ചെന്ന് ഇഡി; കുറ്റപത്രം പ്രിയങ്ക ഗാന്ധിക്കും കുരുക്കായേക്കും

#ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്
റോബർട്ട് വദ്ര | Photo: PTI
റോബർട്ട് വദ്ര | Photo: PTI

ന്യൂഡൽഹി: വയനാട് ലോക്സഭാ എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്രക്ക് ഹരിയാണയിലെ ഗുരുഗ്രാമിൽ മൂന്നര ഏക്കർ ഭൂമി കൈക്കൂലിയായി ലഭിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രത്യേക കോടതിയിൽ ഫയൽ ചെയ്ത കുറ്റപത്രത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ കണ്ടെത്തൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിലെ ചില കണ്ടെത്തലുകൾ പ്രിയങ്ക ഗാന്ധിക്കും കുരുക്കാകുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അവകാശപ്പെടുന്നത്.

ഗുരുഗ്രാമിലെ സെക്ടർ 83 ലെ മൂന്നര ഏക്കർ ഭൂമി വദ്രക്ക് കൈക്കൂലിയായി ലഭിച്ചതാണെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് (Onkareshwar Properties Private Limited) എന്ന സ്ഥാപനമാണ് ഭൂമി നൽകിയത്. റോബർട്ട് വദ്ര ഡയറക്ടർ ബോർഡ് അംഗമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിനാണ് ഭൂമി നൽകിയത്. 

ഈ ഭൂമിക്കായി സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 7.5 കോടി രൂപ നൽകിയെന്നാണ് റോബർട്ട് വദ്ര അവകാശപ്പെട്ടിരുന്നത്. എന്നാൽ റോബർട്ട് വദ്രയുടെ സ്ഥാപനം 7.5 കോടി രൂപയുടെ ചെക്ക് നൽകിയിരുന്നുവെങ്കിലും അത് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് ബാങ്കിൽ സമർപ്പിച്ച് പണം കൈപറ്റിയിരുന്നില്ലെന്ന് ഇഡി കണ്ടെത്തി. 

ഹരിയാണയിലെ ടൗൺ, പ്ലാനിങ് മന്ത്രി ആയിരുന്ന ഭൂപീന്ദർ സിങ് ഹൂഡയിൽ നിന്ന് ഹൗസിങ് ലൈസൻസ് ലഭിക്കുന്നതിനാണ് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം റോബർട്ട് വദ്രക്ക് ഭൂമി കൈക്കൂലിയായി നൽകിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കോൺഗ്രസ് അധ്യക്ഷ ആയിരുന്ന സോണിയ ഗാന്ധിയുടെ മരുമകനായ റോബർട്ട് വദ്ര ആ സ്വാധീനം ഉപയോഗിച്ച് ഓങ്കാറേശ്വർ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്ന് വേണ്ടി ലൈസെൻസ് നേടാൻ സഹായിച്ചു എന്നാണ് ഇഡി കുറ്റപത്രത്തിൽ ആരോപിച്ചിരിക്കുന്നത്. കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി റോബർട്ട് വദ്രക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഓഗസ്റ്റ് 28 ന് കേസ് കോടതി വീണ്ടും പരിഗണിക്കും.

ഇഡി കുറ്റപത്രം പ്രിയങ്ക ഗാന്ധിക്കും കുരുക്ക് ആയേക്കും

കുറ്റപത്രത്തിൽ ഹരിയാണയിലെ ഫരീദാബാദിൽ റോബർട്ട് വദ്രയുടേത് എന്ന് പറയപ്പെടുന്ന 39.7 ഏക്കർ വിസ്തൃതിയിൽ ഉള്ള മൂന്ന് ഭൂമിയെ സംബന്ധിച്ച പരാമർശവുമുണ്ട്. ഭർത്താവ് റോബർട്ട് വദ്രയുടെ ഈ ഭൂമിയെ സംബന്ധിച്ച വിശദശാംശങ്ങൾ പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ സത്യവാങ്മൂലത്തിൽ ഉൾക്കൊള്ളിച്ചിട്ടില്ല. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥികൾ ഫയൽ ചെയ്യുന്ന സത്യവാങ്മൂലത്തിൽ നിന്ന് വസ്തുതകൾ മറച്ച് വയ്ക്കുന്നതും തെറ്റായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നതും തിരഞ്ഞെടുപ്പ് ക്രമക്കേടായി കണക്കാക്കും. സത്യവാങ്മൂലത്തിൽ നിന്ന് വിവരങ്ങൾ മറച്ചുവെച്ചെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധിക്ക് എതിരെ ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് കേസ് നിലവിൽ കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ആണ്.

Content Highlights: Robert Vadra accused of receiving 3.5 acres of land as bribe. ED chargesheet may implicate Priyanka