അച്ഛന്റേയോ മുത്തച്ഛന്റേയോ പേര് ഉപയോഗിച്ചല്ല ഞാൻ മുഖ്യമന്ത്രിവരെ ആയത്- രേവന്ത് റെഡ്ഡി

രേവന്ത് റെഡ്ഡി | Photo: Facebook/ Revanth Reddy
രേവന്ത് റെഡ്ഡി | Photo: Facebook/ Revanth Reddy

ഹൈദരാബാദ്: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംദിവസം തെലങ്കാന നിയമസഭയില്‍ പരസ്പരം കൊമ്പുകോര്‍ത്ത് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ബി.ആര്‍.എസ്. നേതാവ് കെ.ടി. രാമ റാവുവും. രാഷ്ട്രീയ അനുഭവ പരിചയത്തെ ചോദ്യംചെയ്ത കെ.ടി.ആറിന്, പിതാവിന്റെ പേരുപയോഗിച്ചല്ല താന്‍ മുഖ്യമന്ത്രിവരെയായതെന്ന മറുപടിയായിരുന്നു രേവന്ത് റെഡ്ഡി നല്‍കിയത്‌.

രേവന്ത് ഒരിക്കലും മന്ത്രിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സഭയുടെ കീഴ്‌വഴക്കങ്ങള്‍ അറിയില്ലെന്നായിരുന്നു കെ.ടി.ആറിന്റെ പരാമര്‍ശം. സഭയില്‍ ചര്‍ച്ചയ്ക്ക് എടുക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രതിപക്ഷത്തെ നേരത്തെ അറിയിച്ചില്ലെന്ന് പറഞ്ഞായിരുന്നു കെ.ടി.ആര്‍. മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് കെ.ടി.ആറിനെതിരെ രേവന്ത് പരോക്ഷപരിഹാസം ഉന്നയിച്ചത്.

ജില്ലാ പരിഷദ് മുതല്‍ പാര്‍ലമെന്റ് വരേയും ഇന്ന് മുഖ്യമന്ത്രി പദത്തിലും താനെത്തിയത് കഠിനമായ പ്രവര്‍ത്തനത്തിലൂടെയാണ്. പിതാവിന്റേയോ മുത്തച്ഛന്റേയോ പേര് ഉപയോഗിച്ചല്ല താനിവിടവരെ എത്തിയത്- രേവന്ത് പറഞ്ഞു.

അതേസമയം, രേവന്തിന്റെ പരാമര്‍ശം ആയുധമാക്കി രാഹുലിനെ ലക്ഷ്യമിട്ട് ബി.ജെ.പി. രംഗത്തെത്തി. രേവന്തിന്റെ പരാമര്‍ശം നിഷ്‌കളങ്കമല്ലെന്ന് ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനാവാല പറഞ്ഞു.

Content Highlights: KTR questions Revanth Reddy's experience, 'not by using father's name', he responds