ഭീകരര്‍ മറ്റൊരു കാര്‍കൂടി വാങ്ങിയതായി സംശയം; ചുവന്ന ഇക്കോസ്പോര്‍ട്ടിനായി വ്യാപകതിരച്ചില്‍, ജാഗ്രതാനിർദേശം

#ന്യൂസ് ഡെസ്‌ക്‌
Photo: PTI
Photo: PTI

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ മറ്റൊരു വാഹനം കൂടി ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. നേരത്തേ തിരിച്ചറിഞ്ഞ ഹ്യുണ്ടായ് ഐ20 കാറിനു പുറമെ പ്രതികള്‍ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാറും ഉപയോഗിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇതോടെ DL 10 CK 0458 നമ്പര്‍ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാറിനായി വ്യാപക തിരച്ചില്‍ തുടങ്ങി. ഭീകരര്‍ രണ്ട് കാറുകള്‍ കൂടി വാങ്ങിയതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുള്ളത്.

2017 നവംബര്‍ 22-ന് രജൗരി ഗാര്‍ഡന്‍ ആര്‍ടിഒയില്‍ ഉമര്‍ ഉന്‍ നബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണിത്. കാര്‍ കണ്ടെത്താന്‍ ഡല്‍ഹിയില്‍ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ഡല്‍ഹിയിലുടനീളമുള്ള എല്ലാ പോലീസ് സ്റ്റേഷനുകളിലും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അഞ്ച് ഡല്‍ഹി പോലീസ് സംഘങ്ങള്‍ വാഹനം നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും പോലീസിനും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പട്രോളിങ്ങിലോ പിക്കറ്റിലോ ഉള്ള എല്ലാ പോലീസുകാരും പൂര്‍ണമായും ആയുധധാരികളായിരിക്കണമെന്നാണ് നിര്‍ദേശം. മേല്‍പ്പറഞ്ഞ നമ്പറിലുള്ള വാഹനമോ അല്ലെങ്കില്‍ സംശയിക്കത്തക്ക എന്തെങ്കിലുമോ കണ്ടാല്‍ ഉടന്‍ തന്നെ അധികാരികളെ അറിയിക്കാനും പോലീസ് നിര്‍ദേശങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനം കണ്ടെത്തിയാല്‍ സുരക്ഷിതമായി വേണം കൈകാര്യം ചെയ്യാനെന്നും നിര്‍ദേശമുണ്ട്.

Content Highlights: Delhi on high alert as suspected terrorists may have used a second vehicle, a red Ford Ecosport (DL 10 CK 0458), in the Red Fort blast. Extensive search underway.