ബാന്ദ്രയിലേത് ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണം- രാഹുല്‍ ഗാന്ധി

മുംബൈ: ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ തകരുന്ന അടിസ്ഥാനസൗകര്യങ്ങള്‍ക്ക് ഉദാഹരണമാണ് ഈ സംഭവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആത്മാര്‍ഥമായി ജനങ്ങളെ സേവിക്കുന്നതിലൂടെ ലഭിക്കുന്ന അടിത്തറയുണ്ടെങ്കില്‍ മാത്രമേ ഉദ്ഘാടനങ്ങള്‍ക്കും ഘോഷണങ്ങള്‍ക്കും അര്‍ഥമുണ്ടാകുകയുള്ളൂ. ഉദ്ഘാടനത്തിനുശേഷം മോശം പരിപാലനത്താലും പൊതുമുതലിനോടുള്ള അവഗണനയാലും ജീവന്‍ നഷ്ടപ്പെടുന്നതും പാലങ്ങളും പ്ലാറ്റ്‌ഫോമുകളും തകര്‍ന്ന് വീഴുന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്- രാഹുല്‍ എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ ബാലസോറിലെ ട്രെയിന്‍ അപകടത്തില്‍ 300 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുപകരം, ബിജെപി സര്‍ക്കാര്‍ അവരെ നീണ്ട നിയമപോരാട്ടങ്ങളിലേക്ക് വലിച്ചിഴച്ചു. ഒന്‍പത് മാസങ്ങള്‍ക്ക് മുമ്പ് ഛത്രപതി ശിവജി മഹാരാജ് പ്രതിമ തകരുകയുണ്ടായി. ശിവാജി മഹാരാജിനോടുള്ള ആദരവോ പൊതുസുരക്ഷയെ കുറിച്ചുള്ള ആശങ്കയോ അല്ല, കേവലം പബ്ലിസിറ്റി മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് ആ സംഭവം വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്- അദ്ദേഹം കുറിച്ചു.
ബിസിനസ് സുഗമമാക്കുക, യാത്ര ലഘൂകരിക്കുക, സുരക്ഷ ഉറപ്പാക്കുക തുടങ്ങി ഒരു സാധാരണക്കാരന്റെ ആവശ്യങ്ങളെയും അഭിസംബോധനചെയ്യുന്ന ലോകനിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങളാണ് ഇന്ന് രാജ്യത്തിനുവേണ്ടതെന്നും കഴിവും കരുത്തുമുള്ള ഇന്ത്യയ്ക്ക് പൊതുസേവനത്തിനായി സമര്‍പ്പിക്കപ്പെട്ടതും രാജ്യത്തിന് ശക്തമായ ഭാവി കെട്ടിപ്പടുക്കുന്നതുമായ 'ഫലപ്രദവും സുതാര്യവുമായ സംവിധാനം' മാത്രമേ ആവശ്യമുള്ളൂ എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.
ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലെ തിക്കിലും തിരക്കിലുംപെട്ട് ആളുകള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വെ താല്‍ക്കാലിക നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ഉത്സവ സീസണിന് മുന്നോടിയായുള്ള തിരക്ക് ഒഴിവാക്കാന്‍ പ്രധാന സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റില്‍ നിയന്ത്രണമേര്‍പ്പെടുത്തി.
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്, ദാദര്‍, ലോക്മാന്യതിലക് ടെര്‍മിനസ്, താനെ, കല്യാണ്‍, പൂനെ, നാഗ്പൂര്‍ എന്നീ പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റിന് നിയന്ത്രണമുള്ളത്. ജനത്തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷന്‍ പരിസരത്തെ യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാനുമാണിത്. നവംബര്‍ എട്ട് വരെയാണ് നിയന്ത്രണമുണ്ടാവുക. മുതിര്‍ന്ന പൗരരേയും മെഡിക്കല്‍ ആവശ്യക്കാരെയും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
മുംബൈയിലെ ബാന്ദ്ര ടെര്‍മിനസ് റെയില്‍വേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ടേമുക്കാലോടുകൂടിയാണ് തിക്കിലും തിരക്കിലുംപെട്ട് ഒമ്പത് പേര്‍ക്ക് പരിക്കേറ്റത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്കുള്ള എക്‌സ്പ്രസ് ട്രെയിനില്‍ പ്രവേശിക്കുന്നതിന് മുമ്പുണ്ടായ തിരക്കിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റ രണ്ടു പേരുടെനില ഗുരുതരമായിരുന്നു. ദീപാവലിക്ക് മുന്നോടിയായുള്ള തിരക്കാണ് അപകടത്തിന് കാരണമായെതന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍(ബി.എം.സി) അറിയിച്ചു.
Content Highlights: Rahul gandhi responses on mumbai stampede