ഖാർഗെയുടെ പിറന്നാൾ മറയാക്കിയ തന്ത്രം; മിന്നൽ പ്രതിഷേധത്തിലേക്കുള്ള രാഹുലിന്റെ രഹസ്യനീക്കം ഇങ്ങനെ

#News Desk
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും | Photos: AP
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും | Photos: AP

ന്യൂഡൽഹി: മുതിർന്ന നേതാക്കളെ പോലും അമ്പരപ്പിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയായ 7 ലോക് കല്യാൺ മാർഗിന് മുന്നിൽ കോൺഗ്രസിന്റെ പ്രതിഷേധം അരങ്ങേറിയത്. അതീവ രഹസ്യമായാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതിഷേധം ആസൂത്രണം ചെയ്തത്. ഖാർഗെ, രാഹുൽ, പ്രിയങ്ക, വേണുഗോപാൽ എന്നിവർക്ക് മാത്രമാണ് ഇക്കാര്യമറിയാമായിരുന്നത്. കേന്ദ്ര ഇന്റലിജൻസ് സംവിധാനങ്ങൾക്ക് പോലും ഇതേക്കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നില്ല. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അപ്രതീക്ഷിതവും ശ്രദ്ധേയവുമായ രാഷ്ട്രീയ പ്രതിഷേധമാണ് ചൊവ്വാഴ്ച അരങ്ങേറിയത്.

രാവിലെ പാർലമെന്റ് സമ്മേളനം അലങ്കോലമായതിനുപിന്നാലെ വിജയ് ചൗക്കിൽ പ്രതിഷേധം നടത്താനായിരുന്നു കോൺഗ്രസ് തീരുമാനം. ഈ വിവരം പുറത്തറിഞ്ഞതോടെ പോലീസ് ആ മേഖല ബാരിക്കേഡുവെച്ച് തടഞ്ഞു. തുടർന്നാണ് പദ്ധതി മാറ്റിയത്.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ 84-ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. ഇതിനെ മറയാക്കിയാണ് രാഹുൽ പ്രതിഷേധത്തിന് കളമൊരുക്കിയത്. വിദ്യാർഥികളെ പോലീസ് മർദിച്ചതിനാൽ ജന്മദിനാഘോഷം ഖാർഗെ വേണ്ടെന്നുവെച്ചിരുന്നു. 10 രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരത്തേ എത്തിയിരുന്നു. ഉച്ചയോടെ ഖാർഗെയുടെ വസതിയിലേക്ക് എത്താനായിരുന്നു എംപിമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് നൽകിയ നിർദേശം. ദേശീയാധ്യക്ഷന്റെ പിറന്നാൾ ദിനത്തിൽ വിരുന്നിനായി ക്ഷണിച്ചതാണെന്നായിരുന്നു നേതാക്കളുടെ ധാരണ.

ഖാർഗെയുടെ വസതിയിൽ നിന്ന് 500 മീറ്റർ അകലെയാണ് പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്നത്. നേതാക്കൾ എല്ലാവരും എത്തിയതോടെ രാഹുൽ ഖാർഗെക്ക് ജന്മദിനാശംസകൾ നേർന്നു. പിന്നാലെ അപ്രതീക്ഷിതമായി ആ പ്രഖ്യാപനവും നടത്തി. 'നമ്മൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ പോകുകയാണ്'. തുടർന്ന് മൂന്നേകാലോടെ നേതാക്കൾ രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധത്തിനായി പുറപ്പെട്ടു.

പ്രധാനമന്ത്രി മാത്രം ഉപയോഗിക്കുന്ന പ്രധാന ഗേറ്റിനുമുന്നിലാണ് രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയുമടക്കമുള്ള നേതാക്കൾ കുത്തിയിരിപ്പുസമരം നടത്തിയത്. നേതാക്കളിരുന്ന സ്ഥലത്തിന് കഷ്ടിച്ച്‌ 150 മീറ്റർമാത്രം അകലമേ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ളൂ. സമരത്തെക്കുറിച്ച് ഒരു സൂചനപോലും ലഭിക്കാത്തതിനാൽ ആ ഭാഗത്ത് സാധാരണരീതിയിലുള്ള ഗതാഗതം തുടരാൻ പോലീസ് അനുവദിച്ചിരുന്നു.

സാധാരണഗതിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പൊതുവേ കൂടുതൽ പോലീസുണ്ടാവാറില്ല. വസതിമുഴുവൻ സി.ആർ.പി.എഫും ബി.എസ്.എഫുമടങ്ങുന്ന അർധസൈനികരുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് പെട്ടെന്ന് നേതാക്കളെ തടയാനുമായില്ല. കുത്തിയിരിപ്പ് തുടങ്ങിയതോടെയാണ് കൂടുതൽ പോലീസെത്തിയത്.

20 മിനിറ്റിനുള്ളിൽ ആഭ്യന്തരസെക്രട്ടറിയും മന്ത്രി ജിതേന്ദ്രസിങ്ങുമെത്തി. പ്രധാനമന്ത്രിയുടെ വസതിക്ക് രണ്ട് പ്രധാന ഗേറ്റുകളാണ്. ഒന്നിലൂടെയാണ് സന്ദർശകർക്ക് പ്രവേശനം. മറ്റൊന്ന് പ്രധാനമന്ത്രിയുടെ സഞ്ചാരത്തിനുമാത്രം. അവിടെയാണ് നേതാക്കളെത്തിയത്. ഇത്രയും അതിസുരക്ഷാമേഖലയിൽ പ്രതിഷേധം നടക്കുമെന്നതിന്റെ രഹസ്യാന്വേഷണസൂചന ലഭിക്കാത്തത് കേന്ദ്രസർക്കാരിന് വലിയ ക്ഷീണമായി.

Content Highlights: Rahul Gandhi orchestrated a surprise protest at 7 Lok Kalyan Marg by gathering Congress MPs under the pretext of Mallikarjun Kharge's 84th birthday, bypassing intelligence and marching 500 meters from Kharge's residence to sit outside the PM's gate.