പാകിസ്താൻ ഇന്ത്യയോട് യാചിച്ചുവെന്ന് രാജ്‌നാഥ്; അവർ പറയുന്നത് കേട്ട് എന്തിന് നിര്‍ത്തിയെന്ന് രാഹുൽ

രാജ്‌നാഥ് സിങ്, രാഹുല്‍ ഗാന്ധി
രാജ്‌നാഥ് സിങ്, രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംസാരിക്കുന്നതിനിടെ ഇടപെടല്‍ നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാകിസ്താന്‍ പറയുന്നത് കേട്ട് എന്തിന് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചെന്ന് രാഹുല്‍ ചോദിച്ചു.

സൈനിക നടപടി നിര്‍ത്താന്‍ പാകിസ്താന്‍ ഇന്ത്യയോട് യാചിച്ചുവെന്ന് രാജ്നാഥ് സിങ് സഭയില്‍ പറഞ്ഞതോടെയാണ് രാഹുല്‍ ഇടപെടല്‍ നടത്തിയത്. 'ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് നിര്‍ത്തി? നമ്മള്‍ എപ്പോള്‍ മുതലാണ് പാകിസ്താനെ അനുസരിക്കാന്‍ തുടങ്ങിയത്?' രാഹുല്‍ ചോദിച്ചു.

എല്ലാ സൈനിക, രാഷ്ട്രീയ ലക്ഷ്യങ്ങളും കൈവരിച്ചതിന് ശേഷം മാത്രമാണ് ഇന്ത്യ പിന്മാറിയതെന്ന് രാജ്നാഥ് തിരിച്ചടിച്ചു. 'അതെ, നമ്മള്‍ ഭീകര താവളങ്ങള്‍ തകര്‍ത്തു. നമ്മള്‍ പ്രതികാരം ചെയ്തു. നമുക്ക് ഒരു നഷ്ടവും സംഭവിച്ചില്ല' രാജ്‌നാഥ് വ്യക്തമാക്കുകയുണ്ടായി.

ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കുണ്ടായ നാശനഷ്ടം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ രാജ്നാഥ് വിമര്‍ശിക്കുകയും ചെയ്തു. 'നമ്മുടെ എത്ര വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് പ്രതിപക്ഷത്തെ ചുരുക്കം ചിലര്‍ മാത്രമേ ചോദിച്ചിട്ടുള്ളൂ? അവരുടെ ചോദ്യം നമ്മുടെ ദേശീയ വികാരത്തെ വേണ്ടവിധം പ്രതിനിധീകരിക്കുന്നില്ലെന്ന് എനിക്ക് തോന്നുന്നു. നമ്മുടെ സായുധ സേന എത്ര ശത്രുവിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചിട്ടില്ല. അവര്‍ ഒരു ചോദ്യം ചോദിക്കേണ്ടതുണ്ടെങ്കില്‍, ഇന്ത്യ തീവ്രവാദ കേന്ദ്രങ്ങള്‍ നശിപ്പിച്ചോ എന്നതായിരിക്കണം, അതിനുള്ള ഉത്തരം, അതെ എന്നാണ്... നിങ്ങള്‍ക്ക് ഒരു ചോദ്യം ചോദിക്കാനുണ്ടെങ്കില്‍, ഇത് ചോദിക്കുക: ഈ ഓപ്പറേഷനില്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് ആര്‍ക്കെങ്കിലും പരിക്കേറ്റോ? ഉത്തരം, ഇല്ല, നമ്മുടെ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല' രാജ്നാഥ് സിങ് പറഞ്ഞു.

എന്നാല്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രധാന ചോദ്യങ്ങള്‍ പ്രതിരോധ മന്ത്രി ഉത്തരം നല്‍കിയില്ലെന്ന് തുടര്‍ന്ന് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ് പറഞ്ഞു. രാജ്യതാത്പര്യം മുന്‍നിര്‍ത്തിയാണ് പ്രതിപക്ഷം ചോദ്യങ്ങളുയര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭീകരവാദികള്‍ പഹല്‍ഗാമില്‍ എങ്ങനെ എത്തിയെന്നും 26 പേരെ കൊലപ്പെടുത്തിയത് സംബന്ധിച്ചും പ്രതിരോധ മന്ത്രി മറുപടി നല്‍കിയില്ല. കൃത്യമായും ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍' വേണ്ടിയാണ് ഓപ്പറേഷന്‍ സിന്ദൂരില്‍ പ്രതിപക്ഷം പ്രത്യേക ചര്‍ച്ച ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം' ഗൊഗോയ് പറഞ്ഞു.

പഹല്‍ഗാം ആക്രമണം നടന്ന് 100 ദിവസം പിന്നിട്ടിട്ടും ആ അഞ്ച് ഭീകരരെ പിടികൂടാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'രാജ്യം മുഴുവനും പ്രതിപക്ഷവും പ്രധാനമന്ത്രി മോദിയെ പിന്തുണയ്ക്കുകയായിരുന്നു. പെട്ടെന്ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. പാകിസ്താന്‍ മുട്ടുകുത്താന്‍ തയ്യാറായെങ്കില്‍, നിങ്ങള്‍ എന്തിനാണ് നിര്‍ത്തിയതെന്നും ആര്‍ക്കാണ് നിങ്ങള്‍ കീഴടങ്ങിയതെന്നും പ്രധാനമന്ത്രി മോദിയില്‍ നിന്ന് ഞങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇന്ത്യയെയും പാകിസ്താാനെയും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിച്ചുവെന്ന് യുഎസ് പ്രസിഡന്റ് 26 തവണ പറഞ്ഞിട്ടുണ്ട്' ഗൊഗോയ് ചൂണ്ടിക്കാട്ടി.

Content Highlights: Rahul Gandhi questioned why Operation sindoor was stopped after Pakistan pleaded for it