സമയം നോക്കിയുള്ള അടി; രാഹുലിന് മറുപടിയില്ലാതെ ബിജെപി, മുന തിരഞ്ഞെടുപ്പ് കമ്മിഷനു നേര്‍ക്കും

#പ്രവീൺ കൃഷ്ണൻ
Photo: ANI
Photo: ANI

ന്യൂഡല്‍ഹി: വോട്ടുകവര്‍ച്ചയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തിരഞ്ഞെടുത്ത സമയവും സന്ദര്‍ഭവും നിര്‍ണായകമാണ്. ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് തൊട്ടുതലേന്ന് ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുതന്നെ അട്ടിമറിക്കപ്പെട്ടു എന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉയര്‍ത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷനും ബിജെപിയും ചേര്‍ന്ന് ഹരിയാണയിലെ ജനവിധി തട്ടിയെടുത്തു എന്ന വാക്യമാണ് രാഹുല്‍ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഭരണഘടനാസ്ഥാപനത്തിന്റെ വിശ്വാസ്യതയും ബിജെപി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ വിജയങ്ങളുടെ ആധികാരികതയുമാണ് മുഖ്യ പ്രതിപക്ഷപാര്‍ട്ടി ചോദ്യംചെയ്തിരിക്കുന്നത്.

മുന്‍പ് കര്‍ണാടകയിലെ അലന്ദിലും മഹാദേവ്പുരയിലും വോട്ടര്‍മാരെ സംഘടിതമായി ഒഴിവാക്കിയതിനെക്കുറിച്ചും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചും രാഹുല്‍ ആരോപണമുന്നയിച്ചിരുന്നു. ഇക്കാര്യം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സഹകരിക്കുന്നില്ലെന്ന വിമര്‍ശനമുണ്ട്. മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഘടിതമായ ക്രമക്കേട് നടന്നതായി ശിവസേന ഉദ്ധവ്പക്ഷനേതാവ് സഞ്ജയ് റാവുത്തും അന്ന് ആരോപിച്ചിരുന്നു. മുന്‍പ് രണ്ടുതവണ രാഹുല്‍ ആരോപണമുയര്‍ത്തിയപ്പോഴും പന്ത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കോര്‍ട്ടിലേക്ക് തട്ടുകയാണ് ബിജെപി ചെയ്തത്. കമ്മിഷനാകട്ടെ എന്തുകൊണ്ട് രാഹുല്‍ ഗാന്ധി സത്യവാങ്മൂലം നല്‍കുകയും പരാതിനല്‍കുകയും ചെയ്തില്ല എന്ന് ആവര്‍ത്തിക്കുകമാത്രം ചെയ്തു. എന്തുകൊണ്ട് ഹരിയാണയിലെ കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റുമാര്‍ പരാതിപ്പെട്ടില്ല എന്നാണ് ഇത്തവണ കമ്മിഷന്‍ ചോദിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് പ്രധാന പ്രതിപക്ഷ പാര്‍ട്ടി തെളിവുകള്‍ നിരത്തി ആരോപണം ഉന്നയിക്കുമ്പോള്‍ ഇങ്ങനെയൊരു നിലപാടാണോ കമ്മിഷന്‍ എടുക്കേണ്ടത് എന്ന ചോദ്യം പ്രസക്തമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയും അത് ജനങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത കമ്മിഷനുണ്ട്.

രാഹുല്‍ ഗാന്ധി ഉന്നയിച്ച ക്രമക്കേടുകള്‍ക്ക് അക്കമിട്ട് മറുപടി പറയാന്‍ ബിജെപിയോ ഭരണനേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. ബുധനാഴ്ച തിരക്കിട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ രാഹുലിനെതിരേ പതിവ് രാഷ്ട്രീയവിമര്‍ശനങ്ങള്‍ ഉന്നയിക്കുകമാത്രമാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ചെയ്തത്. വസ്തുതാപരമായ ഉത്തരങ്ങള്‍ ബിജെപി ഇനിയും നല്‍കേണ്ടതുണ്ട്.

പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേര്‍ന്ന് ആസൂത്രണം ചെയ്യുന്നതാണ് വോട്ടുകവര്‍ച്ചയെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇത് കൊലചെയ്യുകയാണെന്നുമാണ് രാഹുലിന്റെ ആരോപണം. അവയോട് പ്രധാനമന്ത്രി ഇതേവരെ പ്രതികരിച്ചിട്ടില്ല. പ്രധാനമന്ത്രിയും ബിജെപിയും മൗനം തുടര്‍ന്നാല്‍ അതിന്റെ രാഷ്ട്രീയവ്യാഖ്യാനം അവര്‍ക്ക് ഗുണകരമാകില്ല. വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെപേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടത്തുന്ന എസ്ഐആര്‍ പ്രക്രിയക്കെതിരായ പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നതുകൂടിയാണ് കമ്മിഷന്റെയും ബിജെപിയുടെയും നിലപാട്.

Content Highlights: Opposition leader Rahul Gandhi alleges large-scale election rigging in Haryana. BJP and EC yet to respond factually. Explore the controversy