ഒടുവിൽ റാവുവിനും എ.ഐ.സി.സി ആസ്ഥാനത്ത് ഇടം; വി.പി സിങ്ങിന്റെ ചിത്രവും മന്ദിരത്തിൽ

കോൺഗ്രസ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ച നരസിംഹറാവുവിന്റെ ചിത്രം
കോൺഗ്രസ്‌ ആസ്ഥാനത്ത്‌ സ്ഥാപിച്ച നരസിംഹറാവുവിന്റെ ചിത്രം

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഛായാചിത്രം കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനത്ത് ഇടംപിടിച്ചു. റാവുവിന്റെ നാലു ചിത്രങ്ങളാണ്‌ ഉൾപ്പെടുത്തിയത്‌.

2004 ഡിസംബറിൽ റാവുവിന്റെ മൃതദേഹം അക്ബർ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് പൊതുദർശനത്തിനുവെക്കാൻ അനുവദിക്കാതിരുന്നത് വിവാദമായിരുന്നു. പിന്നീട് അക്ബർ റോഡിലെ പഴയ ഓഫീസിലും ചിത്രമുണ്ടായിരുന്നില്ല. ഇപ്പോൾ റാവുവിനെ ബി.ജെ.പി. രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യമുള്ളപ്പോഴാണ്‌ ചിത്രം സ്ഥാപിച്ചത്. റാവുവിന് മോദിസർക്കാർ ഭാരതരത്നം നൽകി ആദരിച്ചിരുന്നു.

ചൂരൽക്കസേരയിൽ റാവു ഇരിക്കുന്ന ഫോട്ടോയും അന്നത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റ് കിം യങ് സാമിനെ റാവു രാഷ്ട്രപതി ശങ്കർദയാൽ ശർമയ്ക്കൊപ്പം സ്വീകരിക്കുന്നതും പ്രതിരോധമന്ത്രിയായിരിക്കേ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കൊപ്പമിരിക്കുന്നതും അടക്കമുള്ള ചിത്രങ്ങളുണ്ട്‌. മുൻപ്രധാനമന്ത്രി വി.പി. സിങ്, രാജീവ് ഗാന്ധിക്കൊപ്പം നിൽക്കുന്ന ചിത്രവും മന്ദിരത്തിലുണ്ട്.

Content Highlights: Congress party displays PV Narasimha Rao`s portraits at its new headquarters in Delhi