ഗുരുതര കോവിഡ് രോഗികള്‍ക്ക് സോറിയാസിസ് മരുന്നായ ഇറ്റോലിസുമാബ് നല്‍കുന്നതിന് അനുമതി

ന്യൂഡൽഹി: ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്ന് കോവിഡ്-19 രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാൻ അനുമതി. ഗുരുതര ശ്വസനപ്രശ്നങ്ങൾ പ്രകടമാകുന്ന രോഗികൾക്ക് സോറിയാസിസ് ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന ഇറ്റോലിസുമാബ് (Itolizumab) എന്ന മരുന്ന് നൽകാനുള്ള നിർദേശത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകാരം നൽകി.
മോണോക്ലോണൽ ആന്റിബോഡി (monoclonal antibody) ഇൻജക്ഷനായ ഇറ്റോലിസുമാബ് അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിത രീതിയിൽ നൽകാനാണ് നിർദേശം. ഗുരുതര കോവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിൻ സ്ട്രോക്കിനെ(cytokine stroke) പ്രതിരോധിക്കാനാണ് ഇറ്റോലിസുമാബ് നൽകുന്നത്. കൊറോണവൈറസ് ബാധിച്ചവരിൽ ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ അമിതപ്രതികരണം മൂലം സൈറ്റോക്കിന്റെ ഉത്‌പാദനം വർധിക്കുന്നതാണ് ശ്വാസകോശങ്ങൾ പ്രവർത്തനരഹിതമാകുന്നതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.
പൾമനോളജിസ്റ്റുകളും ഫാർമക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കൽ വിദഗ്ധരും ഉൾപ്പെടുന്ന വിദഗ്ധകമ്മിറ്റി ക്ലിനിക്കൽ ട്രയലിൽ ഇറ്റോലിസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോവിഡ് ചികിത്സയിൽ ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോ. വി ജി സൊമാനി വ്യക്തമാക്കി.
കഴിഞ്ഞ കുറേ കൊല്ലങ്ങളായി സോറിയാസിസ് ചികിത്സയിൽ ഫലപ്രദമായി ഉപയോഗിച്ചു വരുന്ന മരുന്നാണ് ഇറ്റോലിസുമാബ് . ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസിസ്റ്റ് കമ്പനിയായ ബയോകോൺ ആണ് ഇറ്റോലിസുമാബിന്റെ ഉത്‌പാദകർ.
Content Highlights: