പാർലമെന്റിൽ വിഷയങ്ങളുന്നയിക്കുന്നത് നാടകമല്ല, ചർച്ച അനുവദിക്കാത്തതാണ് നാടകം- മോദിക്ക് മറുപടിയുമായി പ്രിയങ്ക

#ന്യൂസ് ഡെസ്ക്
പ്രിയങ്ക ഗാന്ധി-പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI,ANI
പ്രിയങ്ക ഗാന്ധി-പ്രധാനമന്ത്രി നരേന്ദ്ര മോദി |ഫോട്ടോ:PTI,ANI

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നാടകം കളിക്കരുതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധി. സഭകളില്‍ വിഷയങ്ങള്‍ ഉന്നയിക്കുന്നതും ചര്‍ച്ചചെയ്യുന്നതും നാടകമല്ല, മറിച്ച് ജനാധിപത്യപ്രവര്‍ത്തനത്തിന്റെ കാതലായ ഭാഗമാണെന്ന് പ്രിയങ്ക പറഞ്ഞു. എസ്‌ഐആര്‍, വായുമലിനീകരണം തുടങ്ങിയ ഗുരുതരമായ പൊതുപ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

'അടിയന്തരമായി ചര്‍ച്ചചെയ്യേണ്ട വിഷയങ്ങളുണ്ട്. തിരഞ്ഞെടുപ്പ് സാഹചര്യം, എസ്‌ഐആര്‍, വായുമലിനീകരണം എന്നിവ വലിയ പ്രശ്‌നങ്ങളാണ്. നമുക്ക് അവ ചര്‍ച്ചചെയ്യാം. ഇത് നാടകമല്ല. വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതും പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നതും നാടകമല്ല. ചര്‍ച്ചകള്‍ അനുവദിക്കാത്തതാണ് നാടകം. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ജനാധിപത്യപരമായ ചര്‍ച്ച നടത്താത്തതാണ് നാടകം', പ്രിയങ്ക പറഞ്ഞു.

പാര്‍ലമെന്റില്‍ നാടകം കളിക്കരുതെന്നും പ്രതിപക്ഷം അവരുടെ ചുമതല നിര്‍വഹിക്കണമെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോദി പ്രതിപക്ഷത്തെ കടന്നാക്രമിച്ചത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം ചില പാര്‍ട്ടികള്‍ക്ക് ഇപ്പോഴും ദഹിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പ്രകടിപ്പിക്കാനുള്ള വേദിയായി പാര്‍ലമെന്റ് മാറില്ലെന്ന് പ്രത്യാശിക്കുന്നുവെന്നും മോദി പറഞ്ഞു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് ആരംഭിച്ച് ഡിസംബര്‍ 19-ന് അവസാനിക്കും. സര്‍ക്കാര്‍ 13 ബില്ലുകള്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം, എസ്‌ഐആര്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം.

Content Highlights: Priyanka Gandhi Counters PM Modi: Parliament's Purpose is Debate, Not "Drama"